തിരുവനന്തപുരം: ചര്‍ച്ചക്കെത്തിയ ഉദ്യോഗാര്‍ഥി പ്രതിനിധികളോട് പത്ത് വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും ജോലി ലഭിക്കില്ലെന്ന് പറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘടനാ നേതാക്കളാണെന്ന് കരുതിയല്ല ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉദ്യോഗാര്‍ഥികളെന്ന ധാരണയില്‍ സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
നല്ലത് മാത്രം ചെയ്ത സര്‍ക്കാറിനെ മോശമാക്കാന്‍ വേണ്ടി ശത്രുക്കളുടെ കൈയിലെ കരുവായിട്ട് നിങ്ങള്‍ മാറിയില്ലേ എന്നാണ് ഉദ്യോഗാര്‍ഥികളോട് ചോദിച്ചത്. നിങ്ങളുടെ മനഃസാക്ഷിക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്തോളൂവെന്നും അവരോട് പറഞ്ഞതായി കടകംപള്ളി വ്യക്തമാക്കി.
തന്‍റെ പരാമര്‍ശത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സങ്കടം ഉണ്ടായെന്ന് മാധ്യമങ്ങളാണ് പറഞ്ഞത്. സങ്കടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുറ്റബോധത്തില്‍ നിന്നുള്ള സങ്കടമാണ് അവര്‍ക്ക് ഉണ്ടായതെന്നും മന്ത്രി കടകംപള്ളി ചൂണ്ടിക്കാട്ടി.
പി.എസ്.സിയുടെ ഒരു റാങ്ക്പട്ടികയില്‍ നിന്ന് മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമിച്ച ചരിത്രമില്ല. ഒഴിവ് അനുസരിച്ചു മാത്രമല്ലേ നിയമനം നടക്കൂവെന്നും ഉദ്യോഗാര്‍ഥികളോട് ചോദിച്ചിരുന്നു. കുറ്റബോധം ഉദ്യോഗാര്‍ഥികളെ വോട്ടയാടുന്നുണ്ടാവും.
കോണ്‍ഗ്രസ്, ബി.ജെ.പി, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നിവരുടെ കളിപ്പാവയായിട്ട് നില്‍ക്കുന്നുവെന്ന തന്‍റെ പരാമര്‍ശത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറ്റബോധം തോന്നിയതാവും അവര്‍ക്ക് സങ്കടം വരാന്‍ കാരണം. മറ്റ് സങ്കടപ്പെടുത്തുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ല. അനുവാദം വാങ്ങിയിട്ടോ താന്‍ ആവശ്യപ്പെട്ടിട്ടോ അല്ല അവര്‍ തന്നെ വന്ന് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
പി.എസ്.സി റാങ്ക്പട്ടിക സംബന്ധിച്ച് ഉദ്യോഗാര്‍ഥികളുടെ അത്രയും ധാരണ തനിക്കില്ല. ഇക്കാര്യത്തില്‍ സാധാരണക്കാരന്‍റെ ധാരണ മാത്രമേ തനിക്കുള്ളൂവെന്നും മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.
