കോട്ടക്കല്‍- മലബാര്‍ കലാപത്തെ കുറിച്ചുള്ള വിവരണങ്ങള്‍ അടങ്ങിയ ശിലാഫലകം സാമൂഹ്യദ്രോഹികള്‍ കവര്‍ന്നു. കോട്ടക്കല്‍ ബസ് സ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ച ശിലാഫലകമാണ് രാത്രിയില്‍ പറിച്ചു കൊണ്ടു പോയത്. 1921 ലെ മലബാര്‍ കലാപ കാലത്ത് മമ്പുറം പള്ളി ആക്രമിക്കാനെത്തിയ ബ്രിട്ടീഷ് പട്ടാളത്തെ എതിര്‍ക്കാന്‍ കോട്ടക്കലില്‍ നിന്നും ആളുകള്‍ സംഘടിച്ചതിന്റെ വിവരണമാണ് നഗരസഭ സ്ഥാപിച്ച മാര്‍ബിള്‍ ഫലകത്തിലുണ്ടായിരുന്നത്. അധിനിവേശ വിരുദ്ധ സമരത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാനായി ആളുകള്‍ സംഘടിച്ച് യാത്രയായത് ഇന്നത്തെ കോട്ടക്കല്‍ ബസ് സ്റ്റാന്റിനു മുന്നില്‍ നിന്നാണെന്നാണ് ചരിത്രം. 1921 ഓഗസ്റ്റ് 30 ന് മമ്പുറം പള്ളി വളഞ്ഞ പട്ടാളക്കാര്‍ സമരനായകന്‍ ആലി മുസ്‌ല്യാരെ പിടിക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് കോട്ടക്കലിലും പരിസരത്തുമുള്ളവര്‍ സംഘടിച്ചു മമ്പുറം പള്ളിയിലേക്ക് മാര്‍ച്ചു നടത്തിയിരുന്നു. ഇക്കാര്യം ശിലാഫലകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഫലകം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരിക്കുമെന്നാണ് സംശയിക്കുന്നത്.
