കരിപ്പൂരില്‍ യാത്രക്കാര്‍ക്ക് പീഢനം: പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം- കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്ന പീഢനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ പീഢിപ്പിക്കപ്പെട്ടത് പ്രവാസികളെയം ബന്ധുക്കളെയും രോഷാകുലരാക്കിയിട്ടുണ്ട്. യാത്രക്കാരെ വിമാനത്താവളത്തിലെ കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്യുന്നതിന്റെ മൊബൈല്‍ ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായികൊണ്ടിരിക്കുകയാണ്.ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണമെന്ന് ആവശ്യം ശക്തമാണ്.

മാസങ്ങള്‍ക്ക് മുമ്പ് കരിപ്പൂരില്‍ എമിഗ്രേഷന്‍ വിഭാഗവും സി.ഐ.എസ്.എഫും തമ്മിലുണ്ടായ ഏറ്റമുട്ടല്‍ വിമാത്താവളത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയിരുന്നു. സംസ്‌കാര ശൂന്യമായ രീതിയിലാണ് അന്ന് വെടിവെപ്പ് നടന്നത്. അതിനെതിരെ പേരി്‌ന് ചില നടപടികളുണ്ടെയെങ്കിലും വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. എമിഗ്രേഷന്‍,കസ്റ്റംസ് വിഭാഗക്കാര്‍ യാത്രക്കാരോട് അപമര്യാദയമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. വിമാനത്താവളത്തിന് കളങ്കമുണ്ടാക്കാന്‍ മനപൂര്‍വ്വം ചിലര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിയായ പ്രവാസിയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കയ്യേറ്റത്തെ തടയാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നിയമ നടപടി തുടങ്ങിയാല്‍ തിരിച്ച് ഗള്‍ഫിലേക്ക് പോകുന്നത് പോലും മുടങ്ങുമെന്ന അവസ്ഥയാണ്. പ്രമുഖ ചലചിത്ര ഗാന സംവിധായകന്‍ എം.ജയചന്ദ്രനെ വിമാത്താവളത്തിലെ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞ സംഭവം ഏതാനും ദിവസം മുമ്പാണുണ്ടായത്. വിമാനത്താവളത്തിലെ ചില അനീതികളെ ചോദ്യം ചെയ്ത ജയചന്ദ്രനെ മോശമായ ഭാഷയില്‍ ഉദ്യോഗസ്ഥന്‍ ശകാരിക്കുകയായിരുന്നു. തന്റെ അനുഭവം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ പേര്‍ കരിപ്പൂരിലെ തിക്താനുഭവങ്ങളുുടെ വിവിരണങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.

വിമാനത്താവളത്തില്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ വിളയാട്ടമാണിപ്പോഴെയും പണം നല്‍കാന്‍ തയ്യാറാകാത്തവരെ അവര്‍ പീഢിപ്പിക്കുകയാണെന്നുമാണ് യാത്രക്കാര്‍ പരാതി പറയുന്നത്. അതേസമയം, കരിപ്പൂര്‍ വഴി പല വിധത്തിലുള്ള കള്ളക്കടത്തുകള്‍ നടക്കുന്നുണ്ടെന്നും ഇതു മൂലം പരിശോധന കര്‍ശമാക്കുകമാത്രമാണ് ചെയ്യുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *