മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂര്‍ തേലക്കാട്ടെ റിഫ ഫാത്തിമ ഇന്ന് കിടക്കപ്പായില്‍ കിടക്കുമ്പോള്‍ അറിയുന്നില്ല തെരുവുനായ്ക്കളെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഏറ്റുമുട്ടല്‍. നാലു വയസ് പ്രായമുള്ളപ്പോള്‍ തെരുവുനായയുടെ കടിയേറ്റ് ശരീരം തളര്‍ന്നു കിടക്കുകയാണ് ഈ പെണ്‍കുട്ടി. ഇവളുടെ അഛനും അമ്മയ്ക്കും ഈ വിവാദങ്ങള്‍ ഏശുന്നില്ല. ഇവരുടെയും മനസ് മരവിച്ചിരിക്കുയാണ്. ജീവിതം തകര്‍ക്കുന്ന തെരുവു നായ്ക്കളെ എന്ത് ചെയ്യണമെന്നതില്‍ ഭരണകൂടങ്ങളെ ഒരു സമവായത്തില്‍ എത്തിക്കട്ടേ എന്നുമാത്രമാണ് ഇവരുടെ പ്രാര്‍ത്ഥന. കഴിഞ്ഞവര്‍ഷമാണ് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ തേലക്കാട് സ്വദേശി അരക്കുപറമ്പന്‍ റഷീദിന്റേയും സമീനയുടേയും മകളായ റിഫക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചിരിക്കുന്നതിനിടെ നാലുവയസ്സുകാരിയുടെ മുഖം കലിപൂണ്ടെത്തിയ നായ കടിച്ചുവലിക്കുകയായിരുന്നു. അന്നുമതല്‍ റിഫ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുട്ടിയെ ചികിത്സക്കെത്തിക്കാത്ത ഇടങ്ങളില്ല. മകളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ പിതാവ് റഷീദ് നിസ്സഹായനാകുന്നു. റിഫക്കൊപ്പം പ്രദേശത്തെ മറ്റു നാലുപേര്‍ക്കും വിഷനായയുടെ കടിയേറ്റിരുന്നു. അവരെല്ലാം ചികിത്സക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. നായയുടെ കടിയേറ്റ അന്നു തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ വാക്‌സിനെടുത്തതാണ്. എന്നാല്‍ പിന്നീട് ഓരോ ദിവസവും കുട്ടിയുടെ ചലന ശേഷി കുറഞ്ഞു വരികയായിരുന്നു. റിഫമോളിപ്പോള്‍ പൂര്‍ണ്ണമായും കിടപ്പിലാണ്. കളിചിരികളില്ല. ശരീരം സ്വയമൊന്നനക്കാന്‍ പോലും കഴിയുന്നില്ല. ഈ കൊച്ചു കണ്ണുകളില്‍ ആക്രമിക്കാന്‍ ചീറിയടുത്ത നായയുടെ ഭീകരരൂപം മാത്രം. ഇവളെ പോലെ തെരുനായ്ക്കളുടെ ആക്രമണത്തിനിരകളായ നിരവധിപേരുണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍. റിഫയെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ മാതാപിതാക്കള്‍ പെടാ പാടു പെടുമ്പോള്‍ ഇവിടെ അക്രമകാരികളായ നായ്ക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ വാക്‌പോര് മുറുകുന്നു. റിഫയുടെ കുടുംബത്തിന് ഇവിടെ ചോദിക്കാനൊരു ചോദ്യമുണ്ട്. .പൗരന്‍മാരുടെ ജീവന് സുരക്ഷ കല്‍പ്പിക്കുന്നുണ്ട് നമ്മുടെ ഭരണഘടന. ഇവിടെ ശക്തമായ നിലപാടെടുക്കേണ്ടത് ഭരണ കര്‍ത്താക്കളാണ്. വിവാദത്തിനു പിറകെ പോകാതെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നടപടിയാണ് റിഫയുടെ ജീവന്മരണ പോരാട്ടം ആവശ്യപ്പെടുന്നത്.
