ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റിനൊപ്പം 92 പൈസക്ക് 10 ലക്ഷം രൂപ വരെ യാത്രയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന റെയില്‍വേയുടെ പദ്ധതിക്ക് മികച്ച പ്രതികരണം. വ്യാഴാഴ്ച പ്രഖ്യാപിച്ച പദ്ധതി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 40 ശതമാനത്തോളം പേര്‍ സ്വീകരിച്ചു. റെയില്‍വേയുടെ ഓണ്‍ലൈന്‍ സൈറ്റായ ഐ ആര്‍ സി ടി സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 92 പൈസ അധികം നല്കിയാലാണ് ഈ സൗകര്യം. യാത്രക്കാര്‍ പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റെയില്‍വേക്ക് വന്‍തുക അധികവരുമാനവും ഇതിലൂടെ ലഭിക്കും. ഇ ടിക്കറ്റിംഗ് വഴി 22 കോടിയുടെ അധികവരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. പദ്ധതി കൗണ്ടര്‍ ടിക്കറ്റിലേക്കും വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. 670 കോടിയായി ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കാനാവും. പ്രതിദിനം 2.30 കോടി യാത്രക്കാര്‍ റെയില്‍വേക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം യാത്രാവേളയിലുണ്ടാവുന്ന അപകടങ്ങളില്‍ മരണപ്പെടുകയോ പൂര്‍ണവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കിട്ടും. ശാരീരിക വൈകല്യമുണ്ടായാല്‍ 7.5 ലക്ഷം വരെയും രണ്ടു ലക്ഷം രൂപ വരെ ആശുപത്രി ചെലവിനത്തിലും ലഭിക്കും. സബര്‍ബന്‍ തീവണ്ടികളിലൊഴികെ സ്ലീപ്പര്‍, എസി ക്ലാസ് വ്യത്യാസമില്ലാതെ ഒരു രൂപ പ്രീമിയം നല്കിയാല്‍ പരിരക്ഷ ലഭിക്കും. ഐ സി ഐ സി ഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് റെയില്‍വേ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ഓപ്ഷന്‍ സ്വീകരിക്കണം. ടിക്കറ്റ് നിരക്കിനൊപ്പം ഒരു രൂപ ഇതോടെ അധികം ഈടാക്കും. പ്രീമിയം അടച്ചാല്‍ നോമിനിയുടെ വിവരങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്കാനുള്ള മെനു വരും. ടിക്കറ്റ് ആവശ്യമില്ലാത്ത അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ബുക്ക് ചെയ്യുന്ന സമയത്ത് വിവരങ്ങള്‍ നല്കി ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം.
