ന്യൂഡല്‍ഹി: കേരളം വീണ്ടും ഇടത് ഭരണം കാഴ്ചവെയ്ക്കുമ്ബോള്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റും പിണറായി വിജയന് ചാര്‍ത്തമ്ബോള്‍ പാര്‍ട്ടിയ്ക്കുള്ളിലെ അമര്‍ശത്തോട് പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നെന്ന് ആരോപിക്കുന്നവര്‍ സിപിഎമ്മിന്റെ ഘടന അറിയാത്തവരെന്ന് യെച്ചൂരി. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഹൈക്കമാന്റ് സംസ്കാരം അംഗീകരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഇത് തന്നെയാണ് ഭൂരിഭാഗം പാര്‍ട്ടികളുടെയും രീതി. സിപിഎമ്മിന്റേത് തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്. വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മ. ജനറല്‍ സെക്രട്ടറിയുടെ നിലപാട് തന്നെ എത്ര തവണ ഭൂരിപക്ഷ അഭിപ്രായത്തില്‍ തള്ളപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുര്‍ജീത് സിങിന്റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതി ബസു പ്രധാനമന്ത്രിയായില്ല. ഇതിന് കാരണം പാര്‍ട്ടിയിലെ ഭൂരിപക്ഷ നിലപാടാണ്. പാര്‍ട്ടി എന്താണെന്ന് മനസിലാകാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപിക്ക് എതിരായാണ് ഭൂരിഭാഗം പേരും വോട്ട് ചെയ്തത്. ബിജെപിക്കെതിരെ കൂടുതല്‍ ജയസാധ്യതയുള്ളവരെ ജനം പിന്തുണച്ചു. ബംഗാളില്‍ ശരിക്കുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. സിപിഎം പുതുമുഖങ്ങളെയും പുതുരക്തങ്ങളെയുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കിയത്. അവര്‍ തന്നെയാണ് പാര്‍ട്ടിയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയാണ് എടുത്തത്. ഇത് ഐകകണ്ഠേനയെടുത്ത തീരുമാനമാണ്. ശൈലജയ്ക്ക് ഇളവ് നല്‍കിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കേണ്ടി വരുമായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.
