കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ച സംഘം പദ്ധതിയിട്ടത് ജില്ലയില്‍ വന്‍ മരംകൊള്ളക്ക്. വനം-റവന്യൂ ഉന്നത ഉദ്യോഗസ്ഥതലത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നത്. മൂന്നു വര്‍ഷംകൊണ്ട് ഒരുലക്ഷം ക്യൂബിക് അടി മരം മുറിച്ചുകടത്താനായിരുന്നു സംഘത്തിെന്റ പദ്ധതിയെന്ന് മരംമുറിക്കാന്‍ കരാറെടുത്ത ഹംസക്കുട്ടി വെളിപ്പെടുത്തി.
മരം മുറിക്കാന്‍ അനുമതിയുണ്ടെന്ന് വ്യാജരേഖകള്‍ കാണിച്ച് തന്നെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചു. മുട്ടില്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും മേപ്പാടി റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും മരംമുറിക്കുന്ന സ്ഥലത്ത് ഇടക്കിടെ വന്നുപോയിരുന്നു. അതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. വനം വിജിലന്‍സിെന്റ വാഹനവും സ്ഥലത്ത് എത്തി.
എന്നാല്‍, വാഹനത്തില്‍ ആരാണ് വന്നതെന്ന് അറിയില്ല. ഉന്നത രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതികള്‍ ഉന്നത സ്വാധീനമുണ്ടെന്ന് ഫോട്ടോ അടക്കം കാണിച്ച് തന്നെ വിശ്വസിപ്പിക്കുകയുമായിരുന്നെന്നും അദ്ദേഹം പറയുന്നു. റവന്യൂ വകുപ്പ് 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിെന്റ മറവിലായിരുന്നു പ്രതികള്‍ മരംമുറി നടത്തിയത്. ഈ ഉത്തരവ് ഉന്നത ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 42 കേസുകളാണ് ഇതുവരെ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. പട്ടയ ഭൂമിയിലെ നൂറിലേറെ വര്‍ഷം പഴക്കുമുള്ള മരങ്ങളാണ് വെട്ടിയത്.
മൊഴി നല്‍കിയതിനുപിന്നാലെ ഭീഷണി
മരംമുറിയുമായി ബന്ധപ്പെട്ട് മൊഴിനല്‍കിയതിന് കരാറുകാരനെതിരെ ഭീഷണി. ജില്ല കലക്ടര്‍, ഡി.എഫ്.ഒ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചെന്നും ഹംസക്കുട്ടി ആരോപിച്ചു.
മുട്ടില്‍ ഈട്ടിക്കൊള്ളയെ കുറിച്ച് വനംവകുപ്പിന് സത്യസന്ധമായി മൊഴിനല്‍കിയതോടെ തന്നെ ഇല്ലാതാക്കിക്കളയുമെന്ന് പ്രതി റോജി ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ഹംസക്കുട്ടിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരം മുറിച്ച ഇനത്തില്‍ നല്‍കാനുള്ള 11 ലക്ഷം രൂപ ഇദ്ദേഹത്തിന് ലഭിക്കാനുണ്ട്.
താനും കുടുംബവും ഇപ്പോള്‍ കടക്കെണിയിലാണ്. ജീവിക്കാന്വേണ്ടിയാണ് കരാര്‍ ഏറ്റെടുത്തത്. പ്രതികള്‍ വിദഗ്ധമായി കബളിപ്പിച്ചു. തൊഴിലാളികള്‍ക്ക് ഈ ഇനത്തില്‍ പണം നല്‍കാനുണ്ട്. മരങ്ങളുടെ വിലയുടെ 40 ശതമാനം സര്‍ക്കാറിന് നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ പാഴ്മരങ്ങളുടെ വിലപോലും കര്‍ഷകര്‍ക്ക് നല്‍കിയില്ല. 15 കോടി രൂപയോളം വിലവരുന്ന തടിക്ക് 15 ലക്ഷം രൂപ മാത്രമാണ് എല്ലാ ഭൂവുടമകള്‍ക്കും കൂടി നല്‍കിയത്.
തനിക്കെതിരെ വനംവകുപ്പ് എട്ടോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സത്യം എവിടെയും വിളിച്ചുപറയും. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ഹംസക്കുട്ടി പറഞ്ഞു.
