കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയില്‍ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിെന്റ അന്വേഷണം അവസാനഘട്ടത്തില്‍. കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്, ആേന്റാ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന് എന്നിവരോട് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. വനംവകുപ്പ് മേപ്പാടി റേഞ്ച് ഓഫിസര്‍ ഷമീറാണ് കേസ് അന്വേഷിക്കുന്നത്.
വില്ലേജിലെ പട്ടയ ഭൂമിയില്‍നിന്ന് 202 ക്യുബിക് മീറ്റര്‍ ഈട്ടിത്തടിയാണ് മുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് 43 േകസുകളാണ് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ആദിവാസി ഭൂവുടമകള്‍, മരംമുറി കരാറുകാരന്, തൊഴിലാളികള്‍, മരം വാങ്ങിയവര്‍ ഉള്‍പ്പെടെ 69 പേര്‍ക്കെതിരെയാണ് കേസ്.
അഗസ്റ്റിന് സഹോദരങ്ങളുടെ ഒഴികെ, ബാക്കിയെല്ലാവരുടെയും മൊഴികള്‍ ഇതിനകം അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. മൂവരുടെയും മൊഴികള്‍ കൂടി രേഖപ്പെടുത്തിയശേഷം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം.
മൂന്നു വര്‍ഷം കൊണ്ട് ജില്ലയിലെ പട്ടയ ഭൂമിയില്‍നിന്ന് ഒരുലക്ഷം ക്യുബിക് അടി മരം മുറിച്ചുകടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടതെന്ന് മരംമുറി കരാറുകാരന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. റവന്യൂ വകുപ്പ് 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിെന്റ മറവിലായിരുന്നു പ്രതികള്‍ മരംമുറി നടത്തിയത്.
കൂടാതെ, മുട്ടില്‍ മരംമുറി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് വനംവകുപ്പ് വിജിലന്‍സ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
