പത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി.
എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ഇന്നലെ ഇയാള്‍ പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും.
അതേസമയം, സംഭവത്തില്‍ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടും എന്നാണ് വിവരം. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തില്‍ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളില്‍ എന്ത് തുടര്‍ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല. അതിനിടെ, മന്ത്രി സജി ചെറിയാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്.
എന്നാല്‍, സജി ചെറിയാന്‍ തല്ക്കാലം രാജി വയ്‍ക്കേണ്ടെന്നാണ് സിപിഎം അവെയ‍്‍ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെയ‍്‍ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവെയ‍്‍ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി എന്‍ വാസവന് ഒപ്പമാണ് സജി ചെറിയാന്‍ എത്തിയത്.
