തിരൂര്‍ ശാസ്ത്ര സാങ്കേതിക മേഖലയടക്കം ഏത് വിഷയവും മാതൃഭാഷയില്‍ പഠിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് മലയാളസര്‍വകലാശാല ഊന്നല്‍ നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അതിന് മുമ്പ് സമൂഹത്തിന്റെ മന:സാക്ഷിയില്‍ നിലനില്‍ക്കുന്ന കൊളോണിയല്‍ ആശയങ്ങള്‍ എടുത്തുമാറ്റാനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കണം. അത്തരത്തില്‍ മാറിയ പുതിയ ആശയ പശ്ചാത്തലമുള്ള സമൂഹം മാത്രമെ മാതൃഭാഷയില്‍ എല്ലാ വിഷയവും പഠിക്കാന്‍ സന്നദ്ധമാവുകയുള്ളുവെന്നും മലയാളസര്‍വകലാശാലയില്‍ ബിരുദദാനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.
സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ് പൊതുവെ സര്‍വകലാശാലകള്‍ നേതൃത്വം നല്‍കേണ്ടതെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. ഗവേഷണങ്ങള്‍ക്ക് സൈദ്ധാന്തിക ലക്ഷ്യമുണ്ടാവണം. മനുഷ്യകേന്ദ്രീകൃതമായ ആശയമണ്ഡലം സൃഷ്ടിക്കാന്‍ കഴിയണം. ശ്രീനാരായണനും ഐന്‍സ്റ്റീനും നയിച്ച വഴിയിലൂടെ ദിശാബോധമുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. മലയാളസര്‍വകലാശാലയുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ സര്‍ക്കാറിന് ചുമതലയുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്‍തുണയും നല്‍കും. കലാശാലയുടെ കോഴ്‌സുകളുടെ അംഗീകാരം, കോഴ്‌സുകള്‍ക്ക് തൊഴില്‍സാധ്യതയുണ്ടാക്കാനുള്ള നടപടികള്‍, പുതിയ ക്യാമ്പസിനുള്ള സ്ഥലം ലഭ്യമാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ കുറിച്ചുള്ള എല്ലാ അറിവുകളും നല്‍കുന്ന, ലോകം ഉറ്റുനോക്കുന്ന സ്ഥാപനമായി മലയാളസര്‍വകലാശാല മാറണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് കലാശാല ഈ വര്‍ഷം തന്നെ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സി.മമ്മുട്ടി എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷാകണ്‍ട്രോളര്‍ പ്രൊഫ. എം. ശ്രീനാഥന്‍ സ്വാഗതവും, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. രജിസ്ട്രാര്‍ ഡോ. കെ. അനിതകുമാരി ആമുഖപ്രഭാഷണം നടത്തി. ഭാഷാശാസ്ത്രം, സാഹിത്യപഠനം, സാഹിത്യരചന, സംസ്‌കാരപൈതൃകപഠനം, മാധ്യമപഠനം, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം എന്നീ ഏഴ് കോഴ്‌സുകളിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ബിരുദാനന്തരബിരുദം സമ്മാനിച്ചു.
