എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ല : കെ സുധാകരന്‍

തിരുവനന്തപുരം : എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഇ പി ജയരാജന് മാത്രമേ വിഷയത്തില്‍ ഉത്തരം നല്‍കാന്‍ കഴിയൂ.എ കെ ജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസ് രാഷ്ട്രീയം കളിക്കരുത്.

അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പൊലീസിന്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു. നീതി നടപ്പാക്കാനുള്ള ധാര്‍മികബോധമില്ലാത്ത വിഭാഗമായി പൊലീസ് മാറിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ഇതിനിടെ എം എം മണിയുടെ ആക്ഷേപത്തില്‍ ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സിപിഎംഐ നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം നടപടികളില്‍ ഇടപെടാനുള്ള അവകാശം ഉണ്ടെന്നും സി പിഎം ഐയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഐഎം കെ കെ രമയോട് ചെയ്തത് വലിയ ക്രൂരതയാണ്. എന്നിട്ടും അവരെ ഇപ്പോഴും വേട്ടയാടുന്നുവെന്നും കെ സുധാകരന്‍ എം പി പറഞ്ഞു.എം.എം മണി എല്ലാ കാലത്തും വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നേതാവാണ്. മുഖ്യമന്ത്രിയുടെ നിലപാട് ഇതാണെങ്കില്‍ മണിയുടെ കാര്യത്തില്‍ കൂടുതല്‍ പറയാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ എസ് യു , യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. ഇതിനിടെ കെ എസ് യു ചിന്തന്‍ ശിബിര്‍ ക്യാമ്ബില്‍ നടന്നതെന്ന് പറയപ്പെടുന്നത് വസ്തുതാപരമായ കാര്യങ്ങളല്ല. പരാതി കെട്ടിച്ചമച്ചതാണെന്നും അക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *