കൊച്ചി: വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അടിക്കടി വെള്ളം കുറയുമ്പോള്‍ നാം ആരെയാണ് കുറ്റം പറയേണ്ടത്? കൂടുതല്‍ വെള്ളമുപയോഗിക്കുന്നവരെയോ? ടാങ്കിന്റെ വലുപ്പത്തെയോ?, അതോ വാട്ടര്‍ അതോരിറ്റിയെയോ?. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് നഗരങ്ങളില്‍, വാട്ടര്‍ ടാങ്കുകളിലെ വെള്ളം കുറയുന്നത് പ്രധാനമായും ടോയ്ലറ്റുകളിലെ ഫ്ളഷ് ടാങ്കുകളിലൂടെയാണ്. പൂട്ടിയിട്ട വീടുകളില്‍ പോലും ടാങ്കുകളിലെ വെള്ളം ശൂന്യമാകുന്നതിന് പ്രധാന കാരണം ഇതാണ്. ഇക്കാര്യത്തില്‍ ഫ്ളഷ് ടാങ്കുകളെ കുറ്റം പറയേണ്ടതില്ല.
വാട്ടര്‍ അതോരിറ്റിയുടെ പൈപ്പ്ലൈനിലൂടെ എത്തുന്ന വെള്ളത്തില്‍ കൂടിയ തോതില്‍ ക്ലോറിന്‍ അടങ്ങിയിരിക്കുന്നത് ഫ്ളഷ് ടാങ്കുകള്‍ അടക്കമുള്ള പി.വി.സി. ഉല്‍പ്പന്നങ്ങളെ നശിപ്പിക്കുന്നുവെന്നാണ് സാങ്കേതിക വിദഗ്്ദര്‍ ചൂണ്ടിക്കാട്ടുന്നത്. വീടുകളിലെ പ്ലംബിംഗിന് ഉപയോഗിക്കുന്ന പി.വി.സി.പൈപ്പുകള്‍ക്കും ക്ലോറിന്‍ ശത്രുവാണെങ്കിലും കൂടുതല്‍ സമയം ക്ലോറിന്‍ ചേര്‍ന്ന വെള്ളം ശേഖരിച്ചു നിര്‍ത്തുന്ന ഫ്ളഷ് ടാങ്കിനെയാണ് ഇത് കൂടുതല്‍ നശിപ്പിക്കുന്നത്. ക്ലോറിന്റെ രാസപ്രവര്‍ത്തനം മൂലം ഫഌഷ് ടാങ്കിന്റെ ഉള്ളില്‍ അടിവശത്തുള്ള വാഷര്‍ പെട്ടെന്ന് നശിക്കുന്നു. ഇതോടെ വെള്ളത്തിന്റെ ചോര്‍ച്ച ആരംഭിക്കുന്നു.
ആദ്യഘട്ടത്തില്‍ വീട്ടുകാര്‍ ഇത് ഗൗനിക്കാറില്ലെങ്കിലും ടാങ്കിലെ വെള്ളം അനിയന്ത്രിതമായി ചോരുന്നതോടെയാണ് അങ്കലാപ്പിലാകുന്നത്. വെളളം ചോരുന്നതിന്റെ യഥാര്‍ഥ കാരണം എന്തെന്ന് അറിയാതെ ഫഌഷ് ടാങ്ക് മാറ്റുന്നതോടെയാണ് ഈ പ്രശ്നം തീരുന്നത്. വാട്ടര്‍ അതോരിറ്റിയുടെ വെള്ളത്തില്‍ ക്ലോറിന്റെ അളവ് കൂടുന്നതിനെതിരെ ശബ്്ദമുയര്ത്താന് ആരും തയ്യാറാവാറില്ല.
