സോഷ്യല്‍ മീഡിയയെ പേടിച്ച് ജയയുടെ പാര്‍ട്ടി

ചെന്നൈ: അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ച്ചി തലൈവി ഡോ. ജെ.ജയലളിതയുടെ ആരോഗ്യ നിലയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന സന്ദേശങ്ങള്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തെ അങ്കലാപ്പിലാകുന്നു. ജയലളിതക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചെന്നതുള്‍പ്പടെയുള്ള ഫേസ് ബുക്ക് പോസ്റ്റുകളാണ് ജയയുടെ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അതൊന്നും വിശ്വസിക്കരുതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ.യുടെ ഐ.ടി.വിഭാഗം കോ-ഓഡിനേറ്ററായ കെ.വിശ്വനാഥന്‍ നല്‍കിയ സോഷ്യല്‍മീഡിയ സന്ദേശത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുന്നത്. സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളെ ചെറുക്കാന്‍ എ.ഐ.എ.ഡി.എം.കെ.യുടെ നേതൃത്വത്തില്‍ മൈ സി.എം.ഈസ് ഫൈന്‍ എന്ന പേരില്‍ ഒരു വാട്‌സ്ആപ് ഗ്രൂപ്പ് ഇപ്പോള്‍ സജീവമാണ്.

ജയലളിതയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭ്യൂഹങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം ആക്ഷേപിക്കുന്നു. ജയലളിത ആശുപത്രിയില്‍ കോമയിലാണെന്നും മസ്തിഷ്‌കാഘാതം സംഭവിച്ചു കഴിഞ്ഞെന്നുമുള്ള അഭ്യൂഹങ്ങള്‍ ചിലര്‍ പരത്തുന്നതായി പാര്‍ട്ടി നേതൃത്വം പറയുന്നു. ജയക്ക് രണ്ട് പ്രധാന ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും അതില്‍ ഒരെണ്ണം പരാജയപ്പെട്ടതു മൂലം വിവിധ അവയവങ്ങള്‍ക്ക് തളര്‍ച്ച ബാധിച്ചതായും അഭ്യുഹങ്ങള്‍ പരക്കുന്നുണ്ട്. ജയക്ക് സെപ്‌സിസ് എന്ന രോഗമാണെന്നും രക്ഷപ്പെടാന്‍ ഇടയില്ലെന്നും തമിഴ്‌നാട്ടിലേക്ക് കേന്ദ്രം സൈന്യത്തെ അയച്ചിട്ടുണ്ടെന്നുമാണ് തമിഴ് നാട്ടില്‍ പരക്കുന്ന മറ്റൊരു അഭ്യൂഹം. ജയയെ വിദഗ്്ദ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകുകയാണെന്നും ഭരണകക്ഷി എം.എല്‍.എ.മാരോട് അടിയന്തിരമായി തലസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു.

ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ജയലളിതക്ക് യതാര്‍ത്ഥത്തില്‍ എന്താണ് അസുഖമെന്നും ആരോഗ്യസ്ഥിതിയെന്താണെന്നും പാര്‍ട്ടിയുടെ ഐ.ടി.വിഭാഗം പുറത്തു പറയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *