ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനു മിന്നും ജയം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ എട്ടാം മത്സരത്തില്‍ മഞ്ഞക്കിളികള്‍ 5–0നു ബൊളീവിയയെ തകര്‍ത്തു. 11–ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവച്ച ഗോള്‍ വേട്ടയ്ക്ക് 75–ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് തിരശീലയിട്ടത്. ഇതിനിടയില്‍ 26–ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ, 39–ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ്, 44–ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് എന്നിവരും ഗോള്‍ നേടി.
ബൊളീവിയന്‍ ഡിഫന്‍ഡറുമായി കൂട്ടിയിടിച്ചു വീണ നെയ്മറിന്റെ മുഖത്തിനു പരിക്കേറ്റു. ബൊളീവിയന്‍ താരത്തിന്റെ കൈമുട്ട് കൊണ്ട് മുഖം മുറിഞ്ഞ നെയ്മറിനെ 69–ാം മിനിറ്റില്‍ പിന്‍വലിച്ച് പകരം വില്യണെ കളത്തിലിറക്കി. 39–ാം മിനിറ്റില്‍ നെയ്മര്‍ മഞ്ഞകാര്‍ഡ് കണ്ടിരുന്നു. വെനസ്വേലയ്‌ക്കെതിരേ നടക്കുന്ന അടുത്ത മത്സരത്തില്‍ നെയ്മര്‍ ഉണ്ടാകില്ല. മറ്റൊരു മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ 3–0ന് ഇക്വഡോര്‍ തകര്‍ത്തെറിഞ്ഞു. വന്‍സിയ (19–ാം മിനിറ്റ്), റാമിറസ് (23–ാം മിനിറ്റ്), കയ്‌സെഡോ (46–ാം മിനിറ്റ്) എന്നിവരാണ് ഇക്വഡോറിനായി ലക്ഷ്യംകണ്ടത്.
ഉറുഗ്വെ 3–0ന് വെനസ്വേലയെ കീഴടക്കിയപ്പോള്‍ കൊളംബിയ 1–0നു പരാഗ്വെയെ പരാജയപ്പെടുത്തി. മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഇഞ്ചുറിടൈമില്‍ കാര്‍ഡോണയാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കൊളംബിയ 2–1ന് ബ്രസീലിനോട് പരാജയപ്പെട്ടിരുന്നു. എട്ട് മത്സരങ്ങളില്‍നിന്ന് 16 പോയിന്റുമായി ഉറുഗ്വെയാണ് യോഗ്യതാ റൗണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍നിന്ന് ഇത്രയും പോയിന്റുമായി ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളില്‍നിന്ന് 15 പോയിന്റാണ് ബ്രസീലിനുള്ളത്.
