കിയവ്: യുക്രെയ്ന്‍ സേനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പ്രതിരോധം തകര്‍ന്നതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ യുക്രെയ്നിലെ പ്രധാന നഗരം ഉപേക്ഷിച്ച് റഷ്യ പിന്‍വാങ്ങി.
ഖാര്‍കീവിലെ ഇസിയം മേഖലയില്‍ നിന്നാണ് റഷ്യ പിന്‍മാറിയത്. മാര്‍ച്ചില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നിന്ന് പിന്‍മാറിയതിനു ശേഷം റഷ്യന്‍ സൈന്യം നേരിടുന്ന വലിയ പരാജയമാണിത്.
ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് വെടിമരുന്നുകളും ആയുധങ്ങളും ഉപേക്ഷിച്ച് നഗരം വിട്ടത്. ആറ്മാസം നീണ്ട യുദ്ധത്തില്‍ ഇത് നിര്‍ണായക വഴിത്തിരിവാണ്. ഡോനെറ്റ്സ്കും ലുഹാന്‍സ്കും അടങ്ങുന്ന തൊട്ടടുത്തുള്ള ഡോണ്‍ബാസ് മേഖലയിലേക്കുള്ള ആക്രമണത്തിന്റെ തുടക്കമായായിരുന്നു റഷ്യ ഇസിയത്തെ കീഴടക്കിയത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് സൈനികര്‍ പിന്‍വാങ്ങിയതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇസിയത്തില്‍ നിന്ന് പിന്‍മാറി സമീപത്തെ ഡോനെറ്റ്സ്കില്‍ എവിടെ നിന്നെങ്കിലും ആക്രമണം നടത്താനാണ് ഉത്തരവ്.
വടക്കുകിഴക്കന്‍ യുക്രെയ്നിലേക്ക് റഷ്യന്‍ സൈന്യത്തെ എത്തിക്കുന്ന ഏക റെയില്‍വേ ഹബ്ബായ കുപിയാന്‍സ്ക് നഗരം യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസിയത്തില്‍ നിന്നുള്ള റഷ്യയുടെ പിന്‍മാറ്റം.
പിന്‍തിരിയുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനായി റഷ്യന്‍ സൈന്യം ഇതുവരെ മികച്ച പ്രകടനം നടത്തിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഈ മാസം ആദ്യം റഷ്യക്കെതിരായ പ്രത്യാക്രമണം ആരംഭിച്ചതിനുശേഷം യുക്രെയ്‌ന്‍ സൈന്യം ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം റഷ്യന്‍ അധീനതയില്‍ നിന്ന് മോചിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘റഷ്യന്‍ സൈന്യം ലോകത്തിലെ ഏറ്റവും വേഗതയേറിയ സൈന്യം എന്ന പദവി അവകാശപ്പെടുന്നു … ഓടിക്കൊണ്ടിരിക്കുക!’ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് ട്വീറ്റ് ചെയ്തു.
