അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം

ഹൈദരാബാദ്: രോഹിത് വെമുല ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ബിജെപി മന്ത്രിമാരെയും വിസിയെയും രക്ഷിക്കാനാണെന്ന് വെമുലയുടെ സഹോദരന്‍ രാജ് വെമുല. കമ്മീഷന്റെ അന്വേഷണം രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും രാജ് വെമുല ആരോപിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ബിജെപി കേന്ദ്രമന്ത്രിമാര്‍, യൂണിവേഴ്‌സിറ്റി വിസി പൊഡില്‍ അപ്പാറാവു, ബിജെപി എംഎല്‍സി രാമചന്ദ്ര റാവു, എബിവിപി അംഗങ്ങള്‍ തുടങ്ങിയവരെ രക്ഷിക്കുന്നതിനാണ്.

ജില്ലാ മജിസ്‌ട്രേറ്റിനു പുറമേ ദേശീയ കമ്മീഷനും രോഹിത് വെമുല പട്ടിക ജാതി വിഭാഗത്തിപ്പെട്ടതാണെന്നു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ നിഷ്പക്ഷ റിപ്പോര്‍ട്ടുകളെയൊക്കെ അട്ടിമറിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്– രാജ് വെമുല ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എ.കെ.രൂപന്‍വാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വെമുലയുടെ മാതാവ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയെയും വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിന് കൈമാറിയത്. 41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ രോഹിതിന്റെ മാതാവ് രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ മാല സമുദായക്കാരായരിന്നുവെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും രാധികയെ ദത്തെടുത്ത മാതാപിതാക്കള്‍ ഇങ്ങനെ പറഞ്ഞുവെന്ന അവകാവാദം അവിശ്വസനീയമാണെന്നും പറയുന്നു.

റിപ്പോര്‍ട്ടിന് ആധാരമായി 50 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവ പ്രധാനമായും സര്‍വകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴികളാണ്. വെമുല ആക്ഷന്‍ കമ്മിറ്റിയിലെ അഞ്ചുപേരുടെ മൊഴികള്‍ മാത്രമാണ് ജസ്റ്റീസ് രേഖപ്പെടുത്താന്‍ തയാറായത്.

Leave a Reply

Your email address will not be published. Required fields are marked *