ഗവര്‍ണര്‍ ഒരു കാര്യം മറന്നു പോകുന്നു, ആര്‍എസ്‌എസിനോട് കേരളം അന്നും ഇന്നും പറയുന്നത് “കടക്ക് പുറത്ത്’ എന്ന് തന്നെയാണ്: എ എ റഹീം

തിരുവനന്തപുരം : ഗവര്‍ണറുടെ വധ ഗൂഢാലോചന ആരോപണങ്ങള്‍ പരസ്പര വിരുദ്ധമെന്ന് എ എ റഹിം എം പി . അതിരുവിട്ട ആര്‍എസ്‌എസ് വിധേയത്വം മാത്രമായിരുന്നു വാര്‍ത്താസമ്മേളനം.

ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ തന്റെ പദവിയെ കളങ്കപ്പെടുത്തി. ആര്‍എസ്‌എസ് വക്താവായിരിക്കാനല്ല ഗവര്‍ണറെ രാജ്ഭവനില്‍ നിയോഗിച്ചിരിക്കുന്നതെന്നും റഹീം പറഞ്ഞു.

ആര്‍എസ്‌എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവര്‍ണര്‍ സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സന്ദേശമെന്താണെന്നും എ എ റഹിം എം പി ചോദിച്ചു.കെ കെ രാഗേഷിനോടുള്ള ഗവര്‍ണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി. കെ കെ രാഗേഷ് വധഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്ന ഗവര്‍ണറെക്കുറിച്ചു സഹതപിക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ നടക്കുന്ന ആര്‍എസ്‌എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹിം എം പി പറഞ്ഞു.

എ എ റഹീമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം മത ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ലക്ഷ്യം വച്ച്‌ കൊണ്ടുള്ളതാണ്. അത് ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാര്‍ പദ്ധതിയാണ്.മതനിരപേക്ഷ ഇന്ത്യക്കു വേണ്ടിയുള്ള സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം. രാജ്യം ഒറ്റക്കെട്ടായി ആ സമരം നയിച്ച കാലത്താണ് കണ്ണൂരില്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് നടക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖരായ ചരിത്രകാരന്മാരും ചരിത്ര ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു.അവര്‍ക്കു മുന്നില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തെ മഹത്വവല്‍ക്കരിച്ചും,ചരിത്രവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയും ഗവര്‍ണ്ണര്‍ സംസാരിക്കുന്നു. ചരിത്രത്തെയും ഇന്ത്യയെയും സ്നേഹിക്കുന്നവര്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിക്കുന്നു.

ആ സംഭവങ്ങളാണ് ഇന്ന് ഗവര്‍ണ്ണര്‍ ‘ദൃശ്യങ്ങള്‍ പുറത്തുവിട്ട്’ പുനരാവിഷ്കരിക്കാന്‍ ശ്രമിച്ചത്!! ഗവര്‍ണ്ണര്‍ ഒരു കാര്യം മറന്നു പോകുന്നു, വ്യത്യസ്ത മതങ്ങളും ഭാഷയും ഭക്ഷണ ശീലങ്ങളുമെല്ലാം നിരോധിച്ചു, ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാന്‍ നടക്കുന്ന ആര്‍എസ്‌എസിനോട്, കേരളം അന്നും ഇന്നും പറയുന്നത് ‘കടക്ക് പുറത്ത്’ എന്ന് തന്നെയാണ്.

ചരിത്ര കോണ്‍ഗ്രസ്സില്‍ താങ്കളുടെ ചരിത്ര വിരുദ്ധമായ ആര്‍എസ്‌എസ് അനുകൂല പ്രസംഗത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്ത ചരിത്രകാരന്മാരോടും വിദ്യാര്‍ഥികളോടും കേരളത്തിന് തികഞ്ഞ ആദരവും ബഹുമാനവുമാണുള്ളത്.

‘വരത്തന്മാരുടെ പ്രത്യയശാസ്ത്രം’

കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ കുറിച്ച്‌ ഗവര്‍ണ്ണര്‍ ഇന്നും ഈ പരിഹാസം ആവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല, ഇസ്ലാമും ക്രിസ്ത്യനുമെല്ലാം വരത്തന്മാരാണെന്നും ഇവരൊക്കെയും അപരന്മാരും രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളാണെന്നും അഭിപ്രായമുള്ള ഒരു കൂട്ടരേ ഇന്ത്യയില്‍ ഉള്ളു.

അത് ആര്‍എസ്‌എസ് മാത്രമാണ്.അതേ ആര്‍എസ്‌എസുമായാണ് തനിക്ക് നല്ല ബന്ധമുള്ളതെന്നു ഇന്ന് ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചത്.
ആര്‍എസ്‌എസിന്റെ വക്താവായി ഇരിക്കാനല്ല,ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനാണ് പൊതുഖജനാവില്‍ നിന്നും പണം കൊടുത്ത് അദ്ദേഹത്തെ രാജ്ഭവനില്‍ നിയോഗിച്ചിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച്‌ ഇന്നദ്ദേഹം ‘വികാരാധീനനായി’… കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനത്ത് നാളിതുവരെ നടന്നിട്ടുള്ള രാഷ്ട്രീയവും വര്‍ഗീയവുമായ എല്ലാ സംഘര്‍ഷങ്ങളിലും ഒരു വശത്ത് ആര്‍എസ്‌എസ് ഉണ്ടായിരുന്നു.പ്രത്യേകിച്ചും സമീപകാലത്ത് വര്‍ഗ്ഗീയ സ്വഭാവത്തോടെ കലാപനീക്കങ്ങള്‍ തന്നെ ആര്‍എസ്‌എസ് നടത്തി.ആ സംഘടനയുടെ തലവനെ തേടിപ്പിച്ചുപോയി കാണുക വഴി സംസ്ഥാന ഗവര്‍ണ്ണര്‍ സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സന്ദേശമെന്താണ്?. മുഖ്യമന്ത്രി നടത്തിയ തികച്ചും നിയമപരവും ഔദ്യോകികവുമായ കത്തുകള്‍ ഉയര്‍ത്തിക്കാണിച്ച്‌ എന്ത് ‘രഹസ്യമാണ്’ഗവര്‍ണ്ണര്‍ ഇന്ന് പുറത്തു വിട്ടത്?.

ഇപ്പറയുന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ നിയമനം ഹൈക്കോടതി തന്നെ ശരിവച്ചതാണ്. ആദ്യം സിംഗിള്‍ ബെഞ്ചും,പിന്നെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും കണ്ണൂര്‍ വിസിയുടെ നിയമനം ശരിവെച്ചത് ഗവര്‍ണറും ശ്രീ വി ഡി സതീശനും ഇപ്പോള്‍ മറന്നുപോയ ഒരു കാര്യമാണ്. പിന്നെ വൈസ് ചാന്‍സിലറായ ശ്രീ ഗോപിനാഥ് രവീന്ദ്രന്‍ രാജ്യത്തെ അറിയപ്പെടുന്ന ചരിത്രകാരന്മാരില്‍ ഒരാളുമാണ്.വളഞ്ഞവഴി വന്നു കയറിയ ഏതോ യോഗ്യതയില്ലാത്ത ആളായി അദ്ദേഹത്തെപ്പോലെ ഒരാളെ ഗവര്‍ണറും
പ്രതിപക്ഷ നേതാവും ചിത്രീകരിക്കരുത്.

ബിജെപി,ചരിത്രത്തെ കാവിവല്‍ക്കരിക്കുമ്ബോള്‍ അതിനെതിരെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രകാരില്‍ ഒരാള്‍.
സഖാവ് കെ കെ രാഗേഷിനോടുള്ള ഗവര്‍ണ്ണറുടെ വ്യക്തിപരമായ വിദ്വേഷം എത്രയധികമാണെന്നു കൂടി ഇന്നത്തെ വാര്‍ത്താ സമ്മേളനം വ്യക്തമാക്കുന്നു. കെ കെ രാഗേഷിനെതിരെ അടുത്തകാലത്തായി നടന്ന കടന്നാക്രമങ്ങളുടെ കാരണം കൂടി ഇന്ന് വ്യക്തമായി. കണ്ണൂര്‍ സര്‍വകലാശാലയില്‍ കൂട്ടികൊണ്ടുപോയി ഇദ്ദേഹത്തെ കൊല്ലാന്‍ കെ കെ രാഗേഷ് ഗൂഢാലോചന നടത്തി എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഗവര്‍ണറെക്കുറിച്ചു സഹതപിക്കാതെ തരമില്ല.

‘വധ ഗൂഢാലോചന’സംബന്ധിച്ച്‌ ഗവര്‍ണ്ണര്‍ തന്നെ നേരത്തെ നടത്തിയ ആരോപണങ്ങളും ഇന്ന് പറഞ്ഞതും പലതും പരസ്പര വിരുദ്ധവുമാണ്. ബാലിശമായ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകളും അതിരുവിട്ട ആര്‍എസ്‌എസ് വിധേയത്വവും മാത്രമായിരുന്നു ഇന്നത്തെ ഗവര്‍ണ്ണറുടെ വാര്‍ത്താ സമ്മേളനം.ഒരിക്കല്‍ കൂടി തന്റെ പദവിയെ അദ്ദേഹം കളങ്കപ്പെടുത്തി എന്നതില്‍ കവിഞ്ഞു ഇന്നത്തെ ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ മറ്റൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *