പത്തനംതിട്ട: യുവാവിന്റെ മൃതദേഹം കുളത്തില്‍, ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കഴുത്തില്‍ മുറിവേറ്റ പാട് കണ്ടതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാര്‍ യുവാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഓമല്ലൂര്‍ പ്രക്കാനം റൂട്ടില്‍ പറയനാലി വഴിയമ്പലം കുളത്തില്‍നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതും വീട്ടമ്മയെ രക്ഷപ്പെടുത്തിയതും. ഓമല്ലൂര്‍ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകന് സുമേഷി(22)ന്റെ മൃതദേഹമാണ് കുളത്തിന്റെ അടിയില്‍നിന്നു ഫയര്‍ഫോഴ്സ് കണ്ടെടുത്തത്. ഒപ്പം കുളത്തിലുണ്ടായിരുന്നതു പറയാനാലി കല്ലുംപുറത്തു പ്രസാദിന്റെ ഭാര്യ ബിന്ദു(35)വായിരുന്നു. ഇരുവരും തൊട്ടടുത്ത അയല്‍വാസികളാണ്.
ഇന്നു രാവിലെ അഞ്ചരയോടെ പത്രം ഏജന്റ് ഇതുവഴി പോയപ്പോള്‍ സുമേഷ് ഒരു ബൈക്കുമായി കുളത്തിന്റെ കരയില്‍ നില്പുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ ഒരാളെ കാത്തുനില്ക്കുകയാണെന്നു പറഞ്ഞു. ആറുമണിയോടെയാണ് ബിന്ദുവിനെ കുളത്തിന്റെ കരിങ്കല്‍പടിയില്‍ തൂങ്ങി അവശനിലയില്‍ കണ്ടത്. നാട്ടുകാരെത്തി വീട്ടമ്മയെ രക്ഷിച്ചു.
ഫയര്‍ ഫോഴ്സെത്തി കുളത്തില്‍ തെരച്ചില്‍ നടത്തിയതോടെയാണ് ഏഴടി താഴ്ചയുള്ള കുളത്തിനടിയില്നിന്നു സുമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ പാടുണ്ടെന്നു കണ്ടതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കുളത്തിന്റെ കരയില്‍ കിടത്തിയ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ ഉപരോധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ പൊലീസ് നായയെ കൊണ്ടുവരാന്‍ അറിയിപ്പു നല്കി കാത്തിരിക്കുകയാണ് പൊലീസ്.
സുമേഷ് ഡിഗ്രി കഴിഞ്ഞ് കംപ്യൂട്ടര്‍ പഠനവും കഴിഞ്ഞിരിക്കുകയായിരുന്നു. അമ്മ സുമാ ദേവി, സഹോദരി സുരേഖ, അച്ഛന് ഗള്‍ഫിലാണ്. ബിന്ദുവിന്റെ ഭര്‍ത്താവ് നാട്ടിലെ കോണ്‍ട്രാക്ടറും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമാണ്. വീട്ടമ്മയും മരിച്ച യുവാവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല.
യുവാവിന് മറ്റൊരു യുവതിയുമായി പ്രണയമുള്ളതായി ചിലര്‍ പറയുന്നുണ്ട്. ഇരുവരും കമിതാക്കളായിരിക്കാമെന്നു സംശയമുള്ളതായി പൊലീസ് പറയുന്നു. പുല്ലും കാടും മൂടി ഉപയോഗിക്കാതെ കിടന്നിരുന്ന വഴിയമ്പലംകുളം അടുത്തയിടെയാണ് പുനരുദ്ധാരണം നടത്തി വൃത്തിയാക്കിയത്.
