തത്തയുടെ പേരില്‍പ്പോലും അഴിമതി

തിരുവനന്തപുരം• കള്ളനെ കയ്യോടെ പിടിച്ചതാണോ ധാര്‍മികതയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബക്കാരെ നിയമിച്ച ഇ.പി.ജയരാജന്‍ നല്ല ചിറ്റപ്പന്റെ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അകത്തും പുറത്തുമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണു ജയരാജന്റെ ആരോപണം. അതാരെന്നു പറയണം. ജയരാജനെ തകര്‍ക്കാന്‍ ശ്രമിച്ച മാഫിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണോെയന്നും വ്യക്തമാക്കണം ചെന്നിത്തല പറഞ്ഞു.

തന്റെ ഏതു ബന്ധുവിനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഒരു ബന്ധുവിനെയും ഒരിടത്തും നിയമിച്ചിട്ടില്ല. സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല.
കേരളത്തിലെ ജനങ്ങളെ കബിളിപ്പിക്കാന്‍ സാധ്യമല്ല. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ റോള്‍ കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും ചെന്നിത്തല ആഞ്ഞടിച്ചു. തത്തയുടെ പേരില്‍പ്പോലും അഴിമതിയാണ്. വിജിലന്‍സ് ഡയറക്ടര്‍ തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രിയെ കണ്ടത് എന്തിനാണ്? തത്തയ്ക്ക് ആരു ചുവപ്പു കാര്‍ഡ് കാട്ടും? ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡും പ്രതിപക്ഷത്തിനു മാത്രമാണോ, ഭരണപക്ഷത്തിനില്ലേ? നിയമന വിവാദവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ മൗനം അര്‍ഥഗര്‍ഭമാണെന്നും ചെന്നിത്തല ആരോപിച്ചു.

നിയമസഭയ്ക്കകത്ത് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട ചെന്നിത്തല പുറത്തു മാധ്യമങ്ങളോടും ഇതേ കാര്യങ്ങള്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *