ദിപയുടെ ബിഎംഡബ്ല്യൂ കാത്തു

അഗര്‍ത്തല• മാസങ്ങള്‍ക്കു മുന്‍പ് ക്രിക്കറ്റ് സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍നിന്നും സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യൂ കാര്‍ മടക്കി നല്‍കാനുള്ള ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാകറിന്റെ തീരുമാനം ദിപ താമസിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരമായി. ബിഎംഡബ്ലൂ പൊലൊരു ആഡംബര വാഹനം ഓടിക്കാനുള്ള മികവൊന്നും അഗര്‍ത്തലയിലെ റോഡുകള്‍ക്കില്ലെന്ന, വാഹനം മടക്കി നല്‍കുന്നതിന് ദിപ പറഞ്ഞ കാരണം ത്രിപുര സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചതോടെ, ദിപ വസിക്കുന്ന പ്രദേശത്തിന് മുന്‍ഗണന നല്‍കി നഗരത്തിലെ റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ദിപ വസിക്കുന്ന അഗര്‍ത്തലയിലെ അഭോയ്‌നഗറിലെ റോഡുകള്‍ക്ക് മുന്‍ഗണന നല്‍കി നഗരത്തിലെ റോഡുകള്‍ നന്നാക്കാന്‍ 78 കോടി രൂപ അനുവദിച്ചതായി ത്രിപുര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ദിപ താമസിക്കുന്ന അഭോയ്‌നഗര്‍ മുതല്‍ അഗര്‍ത്തല മെഡിക്കല്‍ കോളജ് വരെയുള്ള റോ!ഡുകളാകും അടിയന്തര പ്രാധാന്യം നല്‍കി നന്നാക്കുകയെന്ന് അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ പ്രഫുല്‍ജിത് സിന്‍ഹയും അറിയിച്ചു.

നഗരത്തിലെ റോഡുകള്‍ നന്നാക്കാനുള്ള ത്രിപുര സര്‍ക്കാരിന്റെ തീരുമാനത്തെ പുകഴ്ത്തിയ ദിപ, തനിക്ക് സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യൂ കാര്‍ ഓടിക്കുന്നതിനായി മാത്രം റോഡ് നന്നാക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. റോഡ് നന്നാക്കിയതുകൊണ്ട് മാത്രം താന്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും വാഹനത്തിന്റെ പരിപാലനവും സര്‍വീസും പ്രധാനപ്പെട്ടതാണെന്നും ദിപ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് വാഹനം മടക്കി നല്‍കുന്നതായി, അത് സമ്മാനിച്ച ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷനെ അറിയിച്ചതെന്നും ദിപ പറഞ്ഞു.

നേരത്തെ, ദിപ കര്‍മാകര്‍ ഉള്‍പ്പെടെ ഇക്കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മൂന്നു താരങ്ങള്‍ക്കാണ് ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷന്‍ ബിഎംഡബ്ല്യൂ കാറുകള്‍ സമ്മാനമായി നല്‍കിയത്. വനിതാ വിഭാഗം ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെള്ളി നേടിയ പി.വി.സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക് എന്നിവര്‍ക്കും സമ്മാനമായി കാറുകള്‍ സമ്മാനിച്ചിരുന്നു. വാഹന മെയ്ന്റനന്‍സ് ബുദ്ധിമുട്ടാണെന്ന് കാട്ടി സച്ചിന്‍ സമ്മാനിച്ച വാഹനം മടക്കി നല്‍കുകയാണെന്നായിരുന്നു ദിപയുടെയും കുടുംബത്തിന്റെയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *