തിരുവനന്തപുരം: ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിലാണ് നാളെ ചടങ്ങു നടക്കുക. അവിടെ തന്നെ മുഖ്യമന്ത്രി വിത്ത് വിതയ്ക്കും. ആ സ്ഥലം ആരോടു ചോദിച്ചിട്ടാണ് കോളജ് ഗ്രൗണ്ട് ആക്കിയതെന്നു തനിക്കറിയില്ല. രേഖകളില്‍ ആ സ്ഥലം നിലവില്‍ നെല്‍വയല്‍ തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
ആറന്മുള പ്രദേശത്തു കൃഷി ഇറക്കാന്‍ തടസം കൃഷിയോടു താല്‍പ്പര്യമില്ലാത്ത വിരലിലെണ്ണാവുന്ന ഭൂമാഫിയയാണ്. പ്രദേശം നികത്തി വില്‍ക്കാനുള്ള ഭൂമാഫിയയുടെ ശ്രമങ്ങള്‍ സര്‍ക്കാരിന് അനുവദിക്കാനാകില്ല.
നാളെ വിത്ത് വിതയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഗ്രൗണ്ടാക്കാന്‍ ആര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമില്ല. തൊട്ടടുത്ത വയലുകളിലെല്ലാം വ്യക്തികള്‍തന്നെയാണ് പരമ്ബരാഗതമായി നെല്‍കൃഷി നടത്തി വന്നിരുന്നത്. ചടങ്ങു നടക്കുക ഗ്രൗണ്ടിലല്ല, നെല്‍വയലില്‍ തന്നെയാകുംസുനില്‍ കുമാര്‍ പറഞ്ഞു. വിത്തു വിതയ്ക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള വിമാനത്താവള പദ്ധതി പ്രദേശത്തെ സ്ഥലവും കൃഷിയിറക്കാനായി കിളച്ചു നിലമൊരുക്കിയിട്ടുണ്ടെന്നു സ്ഥലം എം.എല്‍.എ. വീണാ ജോര്‍ജ് ഉറപ്പാക്കിയിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ കര്‍ഷകരുടെ താല്‍പ്പര്യങ്ങളെയും കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കാന്‍ ഭൂ മാഫിയ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. മെത്രാന്‍ കായലിലെ ഭൂമി െകെകലാക്കിയിരിക്കുന്ന 38 കമ്ബനികളെയും നിയന്ത്രിക്കുന്നത് ഒരേ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ കൃഷിയിറക്കാന്‍ തയാറാണെന്ന് ആദ്യം പറഞ്ഞ ഇവര്‍ മെത്രാന്‍ കായലിലെ പല പാടശേഖരങ്ങളും നികത്താന്‍ നല്‍കിയ അപേക്ഷ തന്റെ പക്കലുണ്ട്. തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാമെന്ന് അവശ്യസാധന നിയമപ്രകാരം വ്യവസ്ഥയുണ്ട്. ഇത്തരം നിയമോപദേശം അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും കൃഷി വകുപ്പിന് നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലെല്ലാം കൃഷി എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മെത്രാന്‍ പാടശേഖരത്ത് അഞ്ചു കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയാറായി നില്‍പ്പുണ്ട്. അവരെ സഹായിക്കുകയാണ് ലക്ഷ്യം മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയായശേഷം ആദ്യം ചെയ്തത് ആര്‍ ബ്ലോക്കില്‍ കൃഷിയിറക്കാന്‍ നടപടിയെടുക്കുകയെന്നതാണ്. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ടെന്‍ഡര്‍ പ്രകാരം കൊല്ലത്തെ യുെണെറ്റഡ് ഇലക്ട്രിക്കല്‍സ് 27 പമ്പുസെറ്റുകള്‍ വച്ച് ആര്‍ ബ്ലോക്കിലെ വെള്ളം വറ്റിക്കാമെന്ന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഇപ്പോള്‍ അവര്‍ അതു സാധ്യമല്ല എന്ന് പറയുന്നു. ആ കമ്ബനിയെ കരിമ്ബട്ടികയില്‍പെടുത്തിയിട്ടുണ്ട്. ഇനി പമ്ബ് സെറ്റുകള്‍ സ്ഥാപിക്കാന്‍ പുതിയ ടെന്‍ഡര്‍ നടപടി വേണം. താല്‍ക്കാലികമായി നാലു പമ്ബ് സെറ്റ് സ്ഥാപിച്ചു വെള്ളം പമ്ബ് ചെയ്തു മാറ്റാന്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. (കൃഷിക്കായി മെത്രാന്‍ കായലില്‍ നിലമൊരുക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിമുഖത്തിനിടെ മന്ത്രിയെ ഫോണില്‍ വിളിച്ചു.
സ്ഥലമുടമകളായ കമ്ബനിക്കാരുടെ ആളുകള്‍ എന്ന് പറഞ്ഞ ഒരു സംഘം വെള്ളംകെട്ടി നിര്‍ത്തിയിരുന്ന ബണ്ടുകള്‍ പൊട്ടിച്ചു കളഞ്ഞെന്ന് അവര്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തര നടപടിയെടുക്കാന്‍ കോട്ടയം കലക്ടറെ വിളിച്ച് മന്ത്രി നിര്‍ദേശം നല്‍കി. നവംബര്‍ ഒന്നിന് തന്നെ അവിടെ കൃഷിയിറക്കണമെന്നും സര്‍ക്കാര്‍ ഭൂമിയില്‍ െകെയേറ്റം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കാനും മന്ത്രി കലക്ടറോടാവശ്യപ്പെട്ടു.) സംസ്ഥാനത്ത് ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന തരിശു ഭൂമി കണ്ടെത്തിയാല്‍ അവിടെയൊക്കെ കൃഷിയിറക്കാനായി പുതിയൊരു നിയമംത്ത് കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉടമയില്‍ തന്നെ നിലനിര്‍ത്തി ഉടമയ്ക്ക് ലാഭവിഹിതം നല്‍കി അംഗീകൃത കൃഷി ഏജന്‍സികളെ കൊണ്ട് കൃഷി നടത്തിക്കുന്നതു സാധ്യമാക്കുന്ന നിയമമാണ് ആലോചിക്കുന്നത്.
ഈ വര്‍ഷം 13100 ഏക്കര്‍ സ്ഥലത്തു കൃഷി വകുപ്പ് പുതുതായി നെല്‍ കൃഷിയിറക്കും. ഇതില്‍ തൃശൂര്‍, കണിമംഗലം പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ 3100 ഏക്കര്‍ തരിശൂ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച കുട്ടനാട് പാക്കേജ് വന്‍ പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പാക്കേജ് പുതുക്കി വീണ്ടും കേന്ദ്രത്തിനു സമര്‍പ്പിക്കും. കേന്ദ്രം പാക്കേജ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വിജിലന്‍സ് കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തൃശൂരില്‍ സന്തോഷ് മാധവന്റെ പക്കല്‍നിന്നും പിടിച്ചെടുത്ത സ്ഥലത്തു വരെ കൃഷിയിറക്കുമെന്നു കൃഷിമന്ത്രി വ്യക്തമാക്കി. ആറന്മുളയില്‍ വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശം മിച്ചഭൂമിയായി ഏറ്റെടുക്കുന്നത് നിയമകുരുക്കിലാണ്. ഇതിന്റെ കുരുക്കഴിക്കുന്നതു വരെ വരെ അവിടെ കൃഷി ചെയ്യാന്‍ നിയമതടസമുണ്ട്. ആറന്മുളയിലെ കോഴിത്തോടിന്റെ തടസം മാറ്റിയാല്‍ തന്നെ അവിടേക്കുള്ള തോടുകളിലൂടെ വെള്ളമെത്തിക്കാന്‍ സാധിക്കും. തോടിലെ മണ്ണ് നീക്കം ഉടന്‍ ആരംഭിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
