മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഐ.ബിയും എന്‍.ഐ.എയും മലപ്പുറത്തെത്തി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം ഭോപ്പാലില്‍ ജയില്‍ചാടിയ സിമി ഭീകരരെ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നു കൊലപ്പെടുത്തിയതിനു പ്രതികാരമായാണോ മലപ്പുറത്തെ സ്‌ഫോടനമെന്നു പോലീസും കേന്ദ്ര രഹസ്യാന്വേഷണവിഭാഗങ്ങളും സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നതു സംഭവസ്ഥലത്തുനിന്നു ലഭിച്ച പെന്‍ഡ്രൈവിനും ദൃക്‌സാക്ഷിമൊഴിയിലുള്ള അജ്ഞാതനും പിന്നാലെയാണ്. സ്‌ഫോടനസ്ഥലത്ത് ദ ബേസ് മൂവ്‌മെന്റ് എന്നു രേഖപ്പെടുത്തിയ പെട്ടിയില്‍നിന്നു ലഭിച്ച പെന്‍ഡ്രൈവ് സൈബര്‍ വിദഗ്ധര്‍ക്കു കൈമാറി. സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പെന്‍ഡ്രൈവിലുണ്ടാകുമെന്നു പോലീസ് കരുതുന്നു. സംഭവസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ അജ്ഞാതനെ കണ്ടതായി ദൃക്‌സാക്ഷിമൊഴിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചു. സ്‌ഫോടനത്തിനു ദൃക്‌സാക്ഷിയായ മുഹമ്മദാണു സ്ഥലത്ത് കറുത്ത ബാഗുമായി ഒരാളുണ്ടായിരുന്നതായി പോലീസിനു മൊഴി നല്‍കിയത്. കലക്ട്രേറ്റ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഷൈനമോളുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
