തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇടത് പാര്‍ട്ടികള്‍ ശക്തമായി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും മുന്നില്‍ കണ്ടുവേണം സര്‍ക്കാരുകള്‍ തീരുമാനമെടുക്കാന്‍. നോട്ടു പിന്‍വലിക്കല്‍ തീരുമാനം ജനങ്ങളെ പെരുവഴിയിലാക്കി. ഇപ്പോള്‍ സാധാരണക്കാരന് ആശ്രയ കേന്ദ്രങ്ങളായ സഹകരണ മേഖലയെയും തകര്‍ക്കാനുള്ള നീക്കം കേന്ദ്രം തുടങ്ങിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര പോലുള്ള വടക്കന്‍ സംസ്ഥാനങ്ങളിലും സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാരന് എന്നും താങ്ങായി നില്‍ക്കുന്ന അത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ഒരുപോലെ പ്രക്ഷോപങ്ങളുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ പ്രധാനമന്ത്രി അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
