ത്രിപുരയെ തകര്‍ത്തു കേരളം

കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരേ കേരളത്തിന് ഏഴു വിക്കറ്റ് ജയം. ത്രിപുര ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് വിജയത്തിലും കേരളത്തിന്റെ ദൃഖമായത്. ജയത്തോടെ കേരളത്തിന് ആറു പോയിന്റ് ലഭിച്ചു. 10 വിക്കറ്റ് ശേഷിക്കേ വിജയിക്കാന്‍ 66 റണ്‍സ് എന്ന നിലയിലാണ് കേരളം നാലാംദിനം ബാറ്റിംഗിനിറങ്ങിയത്. സ്‌കോര്‍ 151ല്‍ ഭവിന്‍ ജെ.താക്കര്‍ (47), പത്തു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റ് എന്നിവ കേരളത്തിനു നഷ്ടമായി.

 

വ്യക്തിഗത സ്‌കോര്‍ 99ല്‍ മുഹമ്മദ് അസ്ഹറുദീനെ ഗുരീന്ദര്‍ സിംഗാണ് പുറത്താക്കിയത്. ഇതിനുശേഷം സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് കേരളത്തിന്റെ ജയം പൂര്‍ത്തിയാക്കിയത്. നേരത്തെ, വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നാംദിനം കളി തുടങ്ങിയ ത്രിപുര 162 റണ്‍സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രന്റെയും മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ഇക്ബാല്‍ അബ്ദുള്ളയുടെയും മിന്നും ബൗളിംഗാണ് ത്രിപുരയെ തകര്‍ത്തത്. 54 റണ്‍സ് നേടിയ എസ്.കെ. പട്ടേലാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ ത്രിപുര 20 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *