കണ്ണീര്‍ കടലോരത്ത് അമ്മ നിത്യ ഉറക്കത്തില്‍

ചെന്നൈ: അടക്കിപ്പിടിച്ച തേങ്ങലുകള്‍ നിലവിളിയായി ഉയരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ്ജനതയുടെ അമ്മയുമായ ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ചു. വൈകിട്ട് 6.10 ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

ആഗ്രഹം പോലെ മറീന ബീച്ചിലെ എം ജി ആര്‍ സ്മൃതിമണ്ഡപത്തിന് സമീപം തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയത്. രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖര്‍  മറീന ബീച്ചില്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഹൈന്ദവാചാരപ്രകാരമുള്ള സംസ്‌കാരചടങ്ങില്‍ ഉറ്റതോഴി ശശികലയാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. രാഷ്ട്രപതിയുംപ്രധാനമന്ത്രിയും എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പരിപാടി മാറ്റി.
സുരക്ഷാ കാരണങ്ങളാലാണിതെന്ന് സൂചന. 4.30ഓടെയാണ് രാജാജിഹാളില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ടത്. തൊട്ടുമുമ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തിമോപചാരമര്‍പ്പിച്ചു. പാതയ്ക്കിരുവശവും തിങ്ങിനിറഞ്ഞ പാര്‍ട്ടിപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും തിരക്ക് പലപ്പോഴും നിയന്ത്രണംവിടുന്നുണ്ടായിരുന്നു. പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും തീര്‍ത്ത സുരക്ഷാമതില് ഭേദിക്കുന്നകാഴ്ചയും കാണാനുണ്ടായിരുന്നു. മൂന്നു സേനകളുടെയും സൈനികബഹുമതികള്‍ക്ക് ശേഷം ചന്ദനപേടകത്തിലാക്കിയാണ് സംസ്‌കാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *