ജയ്പൂര്‍ കലാ ഉച്ചക്കോടിയില്‍ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കലാ ഉച്ചക്കോടിയില്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം. ഉച്ചക്കോടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നിരവധി പെയിന്റിങ്ങുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഒരു ചിത്രകാരനെ തല്ലിച്ചതച്ചു. അര്‍ധനഗ്‌ന ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന ആരോപിച്ചാണ് ഹിന്ദുത്വ ഗ്രൂപ്പ് അക്രമം അഴിച്ചുവിട്ടത്.

അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ സേന ഗ്രൂപ്പിന്റെ തലവനായ ഹേമലതാ ശര്‍മ്മ അക്രമത്തെ ന്യായീകരിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം ചിത്രങ്ങളെ കലയെന്ന് വിളിക്കാമോ എന്നാണ് ഹേമലതയുടെ ചോദ്യം.
നേരത്തെ രാജ് ഹിരാനി സംവിധാനം ചെയ്ത ആമിര്‍ ഖാന്‍ ചിത്രം പികെക്കെതിരെ രംഗത്തെത്തിയ സംഘടനയാണ് രാഷ്ട്രീയ ഹിന്ദു ഏക്താ മഞ്ച്. കലാകാരന്‍മാര്‍ക്കെതിരേയും കലാപ്രദര്‍ശനങ്ങള്‍ക്കെതിരേയും നേരത്തേയും ഹിന്ദുത്വസംഘടനകളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1998 മെയ് മാസം ഒന്നിന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ വിഖ്യാത ചിത്രകാരന്‍ എംഎഫ് ഹുസൈന്റെ സൗത്ത് മുംബൈയിലുള്ള വീട് ആക്രമിച്ചിരുന്നു. ഹനുമാന്റെ വാലില്‍ ഇരുന്ന് യാത്ര ചെയ്യുന്ന സീതയുടെ ചിത്രത്തെ ചൊല്ലിയായിരുന്നു അഴിഞ്ഞാട്ടം. ചിത്രത്തില്‍ സീതയും ഹനുമാനും നഗ്‌നരായിരുന്നു. എന്നാല്‍ ചിത്രത്തിന് ഹുസൈന്‍ അടിക്കുറിപ്പോ വിവരണമോ നല്‍കിയിരുന്നില്ല. 1996 ഒക്ടോബര്‍ പതിനൊന്നിന് അഹമ്മദാബാദിലെ ഹുസൈന്‍ ആര്‍ട്ട് കോപ്ലക്‌സിന് നേരേയും ബജ്രംഗ് ദള്‍ ആക്രമണമുണ്ടായി. ഹുസൈന്റെ പ്രശസ്തമായ ഹനുമാന്‍, അന്ത്യ അത്താഴം, മാധുരി ദീക്ഷിത് സീരീസ് ഉള്‍പ്പെടെ കോംപ്ലക്‌സിലെ 28 പെയിന്റിങ്ങുകള്‍ അന്ന് അക്രമികള്‍ തല്ലിതകര്‍ത്തു. 2004 ജനുവരി 30ന് ഗുജറാത്തിലെ സൂറത്തിലുള്ള ഗാര്‍ഡന്‍ ഗ്യാലറി ഓഫ് ആര്‍ട്ട്‌സ് ബജ്രംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആക്രമിച്ചു. 2006ല്‍ ചെന്നൈയിലെ അപ്പാറാവു ഗ്യാലറിയില്‍ ലേലത്തിന് വെച്ച ഹുസൈന്റെ ചിത്രത്തിന് നേരേയും ഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തി. നഗ്‌നയായ ഭാരത മാതാ എന്ന ചിത്രത്തിന്റെ തലക്കെട്ടാണ് അവരെ പ്രകോപിപ്പിച്ചത്. ലേലത്തിന്റെ നടത്തിപ്പുകാരനായിരുന്നു ആ തലക്കെട്ട് നല്‍കിയത്. ഹുസൈന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. സംഭവം വിവാദമായതോടെ ചിത്രം പിന്‍വലിച്ച് ഹുസൈന്‍ ക്ഷമാപണം നടത്തിയിരുന്നു.

2007 ഡിസംബര്‍ 27ന് ഡല്‍ഹിയില്‍ പ്രദര്‍ശനത്തിന് വെച്ച ഹുസൈന്റെ രണ്ട് പെയിന്റിങ്ങുകള്‍ ശിവസേനാ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രദര്‍ശനത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നുവെങ്കിലും അതെല്ലാം മറികടന്ന് അക്രമികള്‍ ആര്‍ട്ട് ഗ്യാലറിക്കുള്ളില്‍ കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *