ബഹറൈച്ച്(യു പി): മോദി-രാഹുല്‍ വാഗ്വാദം തുടരുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുല്‍ ആഞ്ഞടിച്ചു. അഴിമതി നടത്തിയോ ഇല്ലയോയെന്നാണ് മോദി പറയേണ്ടത്. അല്ലാതെ താന്‍ പ്രസംഗിക്കാന്‍ പഠിച്ചോയെന്നല്ല. മോദിക്ക് എത്ര വേണമെങ്കിലും തന്നെ പരിഹസിക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച അഴിമതി നടത്തിയോ ഇല്ലയോയെന്ന് മോദി രാജ്യത്തോട് പറയണം. നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണക്കാരെയോ അഴിമതിക്കാരെയോ അല്ല ബാധിച്ചത്. സാധാകരണക്കാരാണ് ഇന്ന് ദുരിതം പേറുന്നത്. ദിനം പ്രതി കര്‍ഷക ആത്മഹത്യ കൂടുകയാണ്. എത്ര കള്ളപ്പണക്കാരെ മോദി ജയിലിലടച്ചെന്നും വ്യക്തമാക്കണം. സംഹാര നല്കിയ പത്തു പാക്കറ്റിലെന്താണെന്ന് വ്യക്തമാക്കണമെന്ന് നേരത്തെ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സംഹാര, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് പലപ്പോഴായി കോടികള്‍ കൈപ്പറ്റിയെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുമെന്നറിയാമെന്നതിനാലാണ് പാര്‍ലിമെന്റില്‍ തനിക്ക് അവസരം തരാതിരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
