കോണ്‍ഗ്രസിലെ ഗ്രൂപ്പിസം: ലീഗിന് അതൃപ്തി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ,കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പിസം ശക്തമാകുന്നത് മുസ്ലിം ലീഗില്‍ അതൃപ്തി വളര്‍ത്തുന്നു.തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പലയിടത്തും കോണ്‍ഗ്രസിനെ തഴഞ്ഞ മുസ്്‌ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെതിരെ സംസ്ഥാനതലത്തില്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിക്കണമെന്ന് ഏറെകാലമായി ആവശ്യപ്പെടുന്ന ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സോണിയാ ഗാന്ധിയെ കണ്ടും ഈ ആവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയുടെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുസ്ലിം ലീഗ് ആശങ്കപ്പെടുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ലീഗ് ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗ്രൂപ്പ് തര്‍ക്കം മൂലം കഴിഞ്ഞ തവണ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വൈകുമെന്നായപ്പോള്‍ ഒറ്റക്ക് പ്രചാരണം തുടങ്ങിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഇത്തവണയും അതുവേണ്ടിവരുമെന്നാണ് ലീഗ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായ ഉത്തരവുണ്ടായെങ്കിലും ബാര്‍കോഴ വിവാദവും സോളാര്‍ വിവാദവും യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. മന്ത്രി മാണിയുടെ രാജിയിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല ജില്ലകളിലും സീറ്റുകള്‍ നഷ്ടമായത് അനാവശ്യവിവാദങ്ങളാണെന്നും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നുമാണ് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുണ്ടായതു പോലുള്ള ലീഗ്-കോണ്‍ഗ്രസ് പോര് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉടനെ തീര്‍ക്കണമെന്നാണ് മുസ്ലിം ലീഗിന്റെ പക്ഷം. അല്ലെങ്കില്‍ കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഐക്യമുന്നണിക്കാകില്ലെന്ന് ലീഗ് നേതൃത്വം കരുതുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *