ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ എതിരാളികളുടെ പരിഹാസ ശരമേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രസംഗത്തെ വിമര്‍ശിച്ച് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ അരവിന്ദ് കേജരിവാളും രംഗത്ത്. മോദിയുടെ വിശ്വാസ്യത ഇല്ലാതായെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ജനതയെ ഒന്നാകെ മോദി വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. അഴിമതിയും കുറയ്ക്കാന്‍ സാധിച്ചില്ല. മോദിയുടെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേജരിവാള്‍ പറഞ്ഞു. മോദിയുടേത് ഇപ്പോള്‍ വിശ്വാസവഞ്ചനയുടെ സ്വരമാണ്. അദ്ദേഹം എന്തു പറഞ്ഞാലും അതിനെ ജനങ്ങള്‍ ഇപ്പോള്‍ വിശ്വാസത്തിലെടുക്കുന്നില്ല. രാജ്യാന്തരതലത്തില്‍ തന്നെ മോദി പരിഹാസപാത്രമായി തീര്‍ന്നിരിക്കുകയാണെന്നും കേജരിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രസംഗം നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മോദി കോണ്‍ഗ്രസ് രഹിത ഇന്ത്യക്കായല്ല പ്രവര്‍ത്തിക്കുന്നത് ബിജെപി രഹിത ഇന്ത്യക്കായാണ്. അടുത്ത 20 വര്‍ഷത്തേക്ക് ആരും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും കേജരിവാള്‍ പരിഹസിച്ചു.
