ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ അസാധുനോട്ടുകള്‍ മാറിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറിയെടുക്കാം. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു.
നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറ്റാവുന്ന നോട്ടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പ്രവാസികള്‍ക്ക് വിദേശ വിനിമയച്ചട്ടപ്രകാരം (ഫെമ) പരമാവധി മാറ്റാവുന്നത് 25,000 രൂപയാണ്. വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം വിദേശത്തായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും നല്‍കണം.
കൂടാതെ മുന്‍പ് നോട്ടുകള്‍ മാറ്റിവാങ്ങിയിരുന്നോയെന്നും വ്യക്തമാക്കണം. നോട്ട് മാറ്റിവാങ്ങാന്‍ മറ്റാരെയും ചുമതലപ്പെടാത്താന്‍ സാധിക്കില്ല. അക്കൗണ്ട് ഉടമ തന്നെ നേരിട്ടെത്തണം. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയ അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കാന്‍ സാധിക്കുക.
നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. ആര്‍ബിഐയുടെ മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ കേന്ദ്രങ്ങളില്‍ നോട്ട് മാറാനുള്ള സൗകര്യമുണ്ടായിരിക്കും.
