മലപ്പുറം-വയനാട് ഡി.എം.ഒ ഡോ. പി വി ശശിധരന്‍ മലപ്പുറം പന്തല്ലൂരിലെ ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക പോലീസ് സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ 21ന് ദുരൂഹ സാഹചര്യത്തില്‍ കണാതായ ഡോക്ടറെ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനകീയനായ ഡോക്ടറുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
മരണം നടന്നു രണ്ടാംദിവസം ഡോക്ടറുടെ വീട് ചിലര്‍ കുത്തിത്തുറന്ന് വീടിനുള്ളിലെ സാമഗികള്‍ വലിച്ചുവാരിയിട്ടത് സംശയം വര്‍ധിപ്പിക്കുന്നു. ഇതിലെ പ്രതികളെയും കണ്ടെത്തിയിട്ടില്ല. കാണാതായ ദിവസം വയനാട് ഡെപ്യൂട്ടി ഡി.എം.ഒ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പന്തല്ലൂര്‍ ഉള്‍പ്പെടുന്ന പാണ്ടിക്കാട്ടെ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിഞ്ഞിരുന്നില്ല. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോഴാണ് പാണ്ടിക്കാട് പോലീസ് വിവരമറിയുന്നത്. ഇത് പോലീസിന്റെ അനാസ്ഥയാണ് വെളിവാക്കുന്നത്.
മലപ്പുറം താലൂക്ക് ആശുപത്രിയിലും വിവിധ ഡിസ്‌പെന്‍സറികളിലും സേവനമനുഷ്ഠിച്ച് മികച്ച വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ. ശശിധരന്‍. അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പന്തല്ലൂരിലെ ജനങ്ങളും ആരോഗ്യവകുപ്പിലെ സഹപ്രവര്‍ത്തകരുമെല്ലാം മരണത്തിന്റെ നിജസ്ഥിതി അറിയാതെ ആശങ്കാകുലരാണ്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ.അബൂബക്കര്‍, എം.പ്രശാന്ത്, പി.നാരായണന്‍, കെ.പി മുഹമ്മദ് ഷാഫി, എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
