മലപ്പുറം: ധനുമാസ രാവില്‍ ഹിന്ദുസ്ഥാനിയുടെ രാഗനിലാവു പരത്തി സരിത റഹ്മാന്‍ സംഗീതമനസുകളെ പ്രഭാപൂരിതമാക്കി. ലതാ മങ്കേഷ്‌ക്കറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗസല്‍ ഗായിക സരിത റഹ്മാന്‍ അവതരിപ്പിച്ച കുച്ച് ദില്‍നെ കഹാ എന്ന സംഗീതപരിപാടി മലപ്പുറം നഗരവാസികള്‍ക്ക് ഈണങ്ങളുടെ കമ്പളമായി. ലതാമങ്കേഷ്‌ക്കറുടെ 22 ഓളം ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് സരിതാ റഹ്മാന്‍ ആസ്വാദക മനസ്സില്‍ ഇടം തേടിയത്. ലതാജിയുടെ സംഗീതജീവിതത്തിന്റെ തുടക്കം മുതല്‍ 90 കള്‍ വരെയുളള തെരഞ്ഞെടുത്ത ഗാനങ്ങളാണ് അവതരിപ്പിച്ചത്. സംഗീത വഴിയില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കിയ ലതാ മങ്കേഷ്‌ക്കറിനുളള ആദരവായാണ് പരിപാടി സംഘടിപ്പിച്ചതെന്ന ഗായിക സരിത റഹ്മാന്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും പരിപാടി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.
1990 ല്‍ പുറത്തിറങ്ങിയ ഹം ദോനോം എന്ന ചിത്രത്തില്‍ സാഹിര്‍ ലുധിയാന്‍വി രചിച്ച അള്ളാ തേരാ നാം ഈശ്വര്‍ തേരാ നാം…എന്ന ഗാനത്തോടെയാണ് സംഗീതസദസ് ആരംഭിച്ചത്. ആകാശവാണിയിലെ ബിഗ്രേഡ് ആര്‍ടിസ്റ്റായ സരിതാ റഹ്മാന്‍ പ്രശസ്ത പാട്ടുകാരനും തബലിസ്റ്റുമായ ചാവക്കാട് റഹാമാന്റെയും ഗാനഭൂണം ആബിദ റഹ്മാന്റെയും മകളണ്. സരിതയുടെ മൂന്നര വയസുകാരി നൂറ മിസ്‌രിയയുടെ അരങ്ങേറ്റവും ഇതോടൊപ്പം നടന്നു. വേദി കലാ സാംസ്‌കാരിക സംഘമാണ് സംഗീതസദസ് സംഘടിപ്പിച്ചത്.
