വ്യാഴാഴ്ച മുതല്‍ തീയറ്ററുകള്‍ അടച്ചിടും

കൊച്ചി: തീയറ്റര്‍ വിവിഹത്തെ ചൊല്ലിയുള്ള സിനിമ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് സിനിമ തീയറ്ററുകളും അടച്ചിടാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തിന് ശേഷം പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഇക്കാര്യം അറിയിച്ചത്.

എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയിലുള്ള സംസ്ഥാനത്തെ 356 തീയറ്ററുകളാണ് അടച്ചിടുന്നത്. 50–50 തീയറ്റര്‍ വിഹിതമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടെന്ന് ഫെഡറേഷന്‍ തീരുമാനിച്ചു. അതേസമയം സമരം അവസാനിപ്പിക്കാന്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.

19ന് മുന്‍പ് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബി ക്ലാസ് തീയറ്ററുകളിലും റിലീസ് ചെയ്യാന്‍ സന്നദ്ധമാകുന്ന എ ക്ലാസ് തീയറ്ററുകളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി, പൃഥ്വിരാജ് നായകനായി എത്തുന്ന എസ്ര എന്നീ ചിത്രങ്ങള്‍ 19ന് തീയറ്ററില്‍ എത്തിക്കാനാണ് വിതരണക്കാരും നിര്‍മാതാക്കളും തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ദുല്‍ഖര്‍–സത്യന്‍ അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ ചിത്രങ്ങളും റിലീസിനായി തയാറെടുത്തിരിക്കുകയാണ്. പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച് വിജയ് ചിത്രം ‘ഭൈരവ’ സൂര്യ നായകനാകുന്ന ‘സിങ്കം–3’ എന്നീ ചിത്രങ്ങളും വരുന്ന വാരം തീയറ്ററുകളില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *