ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തനാകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. രോഹിതിന്റെ മരണം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രം നിഷേധ നിലപാട് സ്വീകരിച്ചത്. രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പബ്ലിക് പാനല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആലശ്യം.
റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതിനാല്‍ നല്‍കാനാവില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. രോഹിതിന്റെ മരണം അന്വേഷിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റീസ് അശോക് കുമാര്‍ രൂപന്‍വാലയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു.
രോഹിത് ദളിതല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.
