ഗള്‍ഫിനെ ഇന്ത്യയോടടുപ്പിച്ച ഇ അഹമ്മദ്

ഇ. അഹമ്മദിനെ മുസ് ലിം ലീഗിന്റെ എക്കാലത്തെ ജനകീയ മുഖം സി.എച്ച് മുഹമ്മദ് കോയ നല്‍കിയ വിശേഷണമാണ് ‘പറക്കും തളിക’. ഈ വിശേഷണം അക്ഷരാഥത്തില്‍ യാഥാര്‍ഥ്യമാക്കിയ ജീവിതവും രാഷ്ട്രീയവുമാണ് അഹമ്മദിന്റേത്. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ സമയം ഇന്ത്യയുടെയും ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെയും ആകാശത്തിലൂടെയാണ് അഹമ്മദ് പറന്നു നടന്നിരുന്നത്. മനുഷ്യര്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യുകയും പോകാന്‍ ഭയപ്പെടുന്ന സ്ഥലങ്ങളില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു.

ഇന്ത്യ പ്രതിനിധാനം ചെയ്ത് നാല് തവണ അറബ് ലീഗിലും ജി77 സമ്മേളനത്തിലും പ്രതിനിധിയായത് ഇ. അഹമ്മദിന് ലഭിച്ച വലിയ അംഗീകാരമാണ്. അമേരിക്കന്‍ പ്രേരിത ആണവ പ്രമേയം ഇറാനുമായുള്ള ബന്ധം മോശമാക്കിയ സാഹചര്യത്തില്‍ ഇറാന്‍ നേതാക്കളുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചത് അഹമ്മദിനെയാണ്. 1982 മുതല്‍ തുടര്‍ച്ചയായ ആറു വര്‍ഷം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലും 1993ല്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും 2000ല്‍ ജോര്‍ദാന്‍ ലോക പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും രാജ്യത്തെ പ്രതിനിധീകരിച്ചു. യു.എന്നില്‍ കശ്മീരിന് വേണ്ടി ആവേശത്തോടെ വാദിച്ച അഹമ്മദ് രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു.

ഇന്ദിര ഗാന്ധി മുതല്‍ രാജ്യം ഭരിച്ച എല്ലാം പ്രധാനമന്ത്രിമാരും മികച്ച സൗഹൃദം അഹമ്മദ് വെച്ചു പുലര്‍ത്തി. 1984ല്‍ കേരള വ്യവസായി മന്ത്രിയായിരിക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ ഉന്നതതല സംഘത്തെ നയിക്കാന്‍ ഇന്ദിര ഗാന്ധി നിയോഗിച്ചത് അഹമ്മനിനെയായിരുന്നു. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ കണ്ട് കൂടിക്കാഴ്ച നടത്താനായി പ്രത്യേക ദൂതനായും അദ്ദേഹം നിയോഗിക്കപ്പെട്ടു. സോമാലിയില്‍ ഇന്ത്യക്കാര്‍ തടവിലായപ്പോഴും ഇറാഖില്‍ ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയപ്പോഴും ലിബിയന്‍ പ്രക്ഷോഭത്തില്‍ പൗരന്മാര്‍ ഒറ്റപ്പെട്ടപ്പോഴും രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി അഹമ്മിന്റെ നയതന്ത്രപാടവം മുതല്‍കൂട്ടായി. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടത് അദ്ദേഹത്തിന്റെ കാലത്താണ്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിദേശകാര്യ സഹമന്ത്രി സ്ഥാനം അഹമ്മദിന് നല്‍കിയത് വഴി വിദേശ രാജ്യങ്ങളുമായി തകര്‍ക്കാന്‍ പറ്റാത്ത പാലമാണ് നിര്‍മിച്ചത്. ഇതിലൂടെ ഗള്‍ഫ്, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, മധേഷ്യ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും സുദൃഢമായ ബന്ധം സ്ഥാപിക്കാന്‍ യു.പി.എ സര്‍ക്കാറിന് സാധിച്ചു. പശ്ചിമേഷ്യയില്‍ ഫലസ്തീന്‍ വിഷയത്തിലും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അഹമ്മദ് പ്രയത്‌നിച്ചു. ഗള്‍ഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏത് സമയത്തും മുട്ടിത്തുറക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ എന്നാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജീപ് സര്‍ദേശി അഹമ്മദിനെ വിശേഷിപ്പിച്ചത്. ഹജ്ജ് വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ സൗദി അറേബ്യന്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തി ക്വാട്ട വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ആ തവണ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കുകയും ചെയ്തു.

ഇറാഖ് അധിനിവേശത്തില്‍ നിന്ന് കുവൈത്ത് മോചിപ്പിക്കപ്പെട്ട കാലം. കുവൈത്ത് നാഷണല്‍ അസംബ്ലി സന്ദര്‍ശിച്ച ലോക രാജ്യങ്ങളില്‍ നിന്നുള്ള രണ്ടാമത്തെ പ്രതിനിധിയായിരുന്നു ഇ. അഹമ്മദ്. വെറും ലോക്‌സഭാ എം.പിയായി കുവൈത്തിലെത്തിയ അഹമ്മദിന് അവിടത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍ സബാഹ് വന്‍വരവേല്‍പ്പാണ് കൊട്ടാരത്തില്‍ നല്‍കിയത്. ‘രാജ്യം നഷ്ടപ്പെട്ട അലഞ്ഞ ഞങ്ങള്‍ക്ക് ഐക്യദര്‍ഢ്യം പ്രകടിപ്പിച്ച മഹാനായ താങ്കളെ ഒരിക്കലും മറക്കില്ലെന്നാണ്’ കുവൈത്ത് അമീര്‍ അഹമ്മിനോട് പറഞ്ഞത്.

ഗുജറാത്ത് കലാപ കാലത്ത് രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് മുഖ്യമന്ത്രി നരേന്ദ്ര മോദി വിലക്കി. എതിര്‍പ്പ് മറികടന്ന് ഡല്‍ഹിയിലെ വസതിയില്‍ നിന്ന് യാത്ര പുറപ്പെട്ട അഹമ്മദ് ഗുജറാത്തില്‍ വിമാനമിറങ്ങി. മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ വിളിച്ചു വരുത്തി സംഭവത്തിലുള്ള പ്രതിഷേധം അറിയിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കലാപം നടന്ന കാന്‍പൂരിലും ബോംബയിലും കോയമ്പത്തൂര്‍ കലാപമുണ്ടായപ്പോള്‍ അവിടെയും എതിര്‍പ്പുകള്‍ മറികടന്ന് സന്ദര്‍ശനം നടത്തുകയും ഇരകള്‍ക്ക് ആശ്വാസം പകരുകയും ചെയ്തു. ഭീകരുമായുള്ള ഏറ്റുമുട്ടലെന്ന് പൊലീസ് അവകാശപ്പെട്ട ഡല്‍ഹി ബട് ല ഹൗസ് സന്ദര്‍ശിച്ച് ന്യൂനപക്ഷങ്ങളുടെ വികാരങ്ങള്‍ മനസിലാക്കി കേന്ദ്രസര്‍ക്കാറിനെ ആശങ്കകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *