കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുസ്ലിംലീഗ് നേതാവുമായ ഇ അഹ് മദിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍. സിറ്റി ജുമാ മസ്ജിദില്‍ അറക്കല്‍ രാജവംശത്തിന്റെ ഖബര്‍ സ്ഥാനില്‍ പ്രത്യേക അനുമതികളോടു കൂടി 11 മണിക്ക് ഖബറടക്കും.
രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലെ വസതിയായ താണയിലെ ‘സിതാര’യിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച കാലത്ത് 8.30 മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ അങ്കണത്തിലും ശേഷം ദീനുല്‍ ഇസ്ലാം സഭാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. അദ്ദേഹത്തോടുള്ള ആദര സൂചകമായി കണ്ണൂരിലും മാഹിയിലും ഹര്‍ത്താലിന് സര്‍വ്വകക്ഷി ആഹ്വാനം ചെയ്തിട്ടുണ്ട്.
വാഹനങ്ങള്‍ തടയുകയില്ല.
അതേ സമയം കോഴിക്കോടും മലപ്പുറവും അദ്ദേഹത്തിന് വിട നല്‍കി. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കളടക്കം പല പ്രമുഖരും നേരിട്ടെത്തി അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് ലീഗ് ഹൗസിലുമായിരുന്നു ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ തുടങ്ങിയവര്‍ കോഴിക്കോട്ടെ ലീഗ് ഹൗസിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പാണക്കാട് അബ്ബാസലി തങ്ങള്‍,പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എംടി അബ്ദുല്ല മുസ്ലിയാര്‍, കെ മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എ മാരായ പികെ അബ്ദുറബ്, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ.എം. ഉമ്മര്‍, പി.കെ ബഷീര്‍, പി.ശംസുദ്ദീന്‍, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി, പാറക്കല്‍ അബ്ദുളള, ആബിദ് ഹുസെന്‍ തങ്ങള്‍, ഡോ.എം.കെ മുനീര്‍, കെ.എം ഷാജി, പി ഉബൈദുല്ല,യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, വി.വി പ്രകാശ്, എം.സി മായിന്‍ഹാജി, എം.പി അബ്ദുസമദ് സമദാനി, ടി.കെ ഹംസ, നസ്‌റുദ്ദീന്‍ എളമരം, ഡോ. ഹുസൈന്‍ മടവൂര്‍, ടി.പി അബ്ദുല്ലക്കോയ മദനി,എം.ഐ അബ്ദുല്‍ അസീസ്, ടി. ആരിഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കെ. മുഹമ്മദുണ്ണിഹാജി, നടന്‍ മാമുക്കോയ, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി തുടങ്ങി അനവധി പേര് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
