പത്തനംതിട്ട: ഡോക്ടര്‍ ചമഞ്ഞ് വിവാഹവാഗ്ദാനം നല്‍കുകയും സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം പാലോട് പൂവ്വത്തിങ്കല്‍ ഇരുമ്ബടശേരിയില്‍ മുഹമ്മദ് ഷാഫി(30) ആണ് അറസ്റ്റിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന വ്യാജ പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
30 സ്ത്രീകളില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട സ്വദേശിനിയുമായി വിവാഹം ആലോചിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പരാതി നല്‍കുകയുമായിരുന്നു. മൂന്നു മാസമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
ബംഗളൂരുവില്‍ ആഡംബര ഹോട്ടലുകളില്‍ ഇയാള്‍ താമസിച്ചിരുന്നു. വിമാനത്തിലാണ് സ്ഥിരം യാത്ര.
എട്ടാം ക്ലാസ് മാത്രം പഠിച്ച ഇയാള്‍ പിന്നീട് ബസ് ജീവനക്കാരനായിരുന്നു. ഗള്‍ഫില്‍ കുറച്ച് നാള്‍ ജോലി ചെയ്തു. മടങ്ങിവന്ന് നഴ്‌സിങ്, മിഡ്വൈഫറി കോഴ്‌സ് ചെയ്തതായി പറയുന്നു.
വിവാഹ സൈറ്റുകളില്‍ നിന്ന് വിവരം ശേഖരിച്ച് ബി.എസ്.സി. നഴ്‌സുമാരെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇയാള്‍ ബന്ധുക്കളുമായി ബന്ധപ്പെടും. ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നുണ്ടെന്നു പറഞ്ഞ് മതിപ്പ് നേടും. പരിചയപ്പെടുന്ന പെണ്‍കുട്ടിയുടെ മൊബൈലില്‍ പണം ചാര്‍ജ് ചെയ്ത് നല്‍കി അവരുമായി സൗഹൃദം ദൃഢമാക്കും. അവര്‍ക്ക് പണം വേണമെങ്കില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ദിവസങ്ങള്‍ക്കകം അവരുടെ എ.ടി.എം. കാര്‍ഡും ഫോണും ഇയാള്‍ കൈക്കലാക്കും. മറ്റൊരു ഫോണും നമ്ബരും അവര്‍ക്ക് നല്‍കും. ഇതിനിടെ അവരുടെ അക്കൗണ്ടിലുള്ള പണം സ്വന്തമാക്കും.
ഇതിനിടെ മറ്റു സ്ത്രീകളെ പരിചയപ്പെട്ട് ഇതേ രീതിയില്‍ പണം സ്വന്തമാക്കും. സ്ത്രീകളുടെ മൊബൈലും അവരുടെ അക്കൗണ്ടും ഉപയോഗപ്പെടുത്തുന്നത് തനിക്ക് എതിരെ തെളിവുകള്‍ ഉണ്ടാകാതിരിക്കാനാണ്. തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പത്തനംതിട്ട ഡിവൈ.എസ്.പി. വിദ്യാധരന്‍ പറഞ്ഞു.
