മലപ്പുറം: പൊതു വിദ്യാഭ്യാസത്തെ കാവിവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറും ചുവപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് നടക്കുന്ന കെ പി എസ് ടി എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നിയമന നിരോധനമാണിപ്പോള്‍. രാജ്യത്ത് ഏകീകൃത സിലബസ് വന്നാല്‍ സര്‍ക്കാര്‍-അണ്‍ എയ്ഡഡ് അന്തരം ഇല്ലാതാക്കാന്‍ കഴിയും. കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെത്തും. സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയെ പിണറായി സര്‍ക്കാര്‍ മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷ് മാസ്റ്ററുടെ ആത്മഹത്യയെ തുടര്‍ന്ന് പിതാവ് നല്കിയ പരാതിക്ക് പോലും കടലാസിന്റെ വില നല്കിയില്ല. കേരളത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ച് സര്‍ക്കാറിന് കാഴ്ചപ്പാടില്ല. പൊതുജനതാത്പര്യത്തിനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ പ്രവര്‍ത്തിച്ചാല്‍ ശക്തമായി നേരിടും. കഴിഞ്ഞ സര്‍ക്കാറിന്റെ പേ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നല്കാന്‍ യു ഡി എഫിനായിരുന്നു. തലമുറകളെ രാജ്യത്തിന് വേണ്ടി തയ്യാറാക്കുന്നവരാണ് അധ്യാപകര്‍ അതുകൊണ്ട് തന്നെ ആനൂകൂല്യം നല്‌കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണ്. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ഇ മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, എ കെ അബ്ദുസമദ്, പി ടി അജയ്‌മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
