തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ സര്‍ക്കാരും ബവ്‌റിജസ് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിക്കും. ഉത്തരവില്‍ വ്യക്തത വേണമെന്നു സര്‍ക്കാരും മദ്യശാലകള്‍ പൂട്ടുന്നതിനു കൂടുതല്‍ സമയം വേണമെന്നു ബവ്‌കോയും ആവശ്യപ്പെടും. ജനവാസ കേന്ദ്രങ്ങളിലേക്കു മദ്യശാലകള്‍ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
പാതയോരത്തുള്ള 180 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പു മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ 25 എണ്ണമേ മാറ്റാനായിട്ടുള്ളു. ബാക്കി 155 എണ്ണവും ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തു തന്നെ തുടരുകയാണ്. എംഎല്‍എമാരുടെ സഹായത്തോടെയെങ്കിലും മാറ്റിസഥാപിക്കണമെന്ന് എംഡി നിര്‍ദേശിച്ചെങ്കിലും അതും നടന്നില്ല. ഈ സാഹചര്യത്തിലാണു നവംബര്‍ വരെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ബവ്‌കോ സുപ്രീംകോടതിയെ സമീപിക്കുന്നത്.
പാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും പൂട്ടണമെന്നാണു സുപ്രീംകോടതി വിധി പഠിച്ചശേഷം നിയമസെക്രട്ടറി സര്‍ക്കാരിനു കൊടുത്തിരിക്കുന്ന ഉപദേശം. എന്നാലിതു ബാറുടമകള്‍ തള്ളുന്നു. മാത്രമല്ല, ഫൈ സ്റ്റാറായി ഉയര്‍ത്തിയ ഒരു ഹോട്ടല്‍ സര്‍ക്കാര്‍ എതിര്‍പ്പ് മറികടന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നേടുകയും ചെയ്തു. ഇതിനെതിരെ അപ്പീല്‍ പോകണമെങ്കിലും സര്‍ക്കാരിനു സുപ്രീകോടതി വിധിയില്‍ വ്യക്തത വരുത്തണം.
