150 രൂപയ്ക്കുവേണ്ടി 14കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

കൃഷ്ണനഗര്‍: മദ്യപിക്കുന്നതിടെ 150 രൂപയ്ക്കുവേണ്ടിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദേബാശിഷ് ഭൗമിക് എന്ന 14കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫെബ്രുവരി എട്ടാം തിയതി രാത്രിയാണ് ഭൗമിക്കിനെ കൊലപ്പെടുത്തിയത്. അന്നേദിവസം ഭൗമിക്കും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തുക്കളിലൊരാല്‍ ഭൗമികിന്റെ തലയ്ക്ക് മദ്യക്കുപ്പികൊണ്ടടിക്കുകയായിരുന്നു. ഭൗമിക് മരിച്ചെന്നുറപ്പുറപ്പിച്ച ശേഷം ഇവര്‍ മൃതദേഹം സമീപത്തെ ചളിക്കുണ്ടില്‍ താഴ്ത്തി.

രാത്രിയായിട്ടും കുട്ടി വരാതിരുന്നത് വീട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഭൗമികിന്റെ അമ്മയായ ഝിംലി കോട്വാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭൗമികിന്റെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ഒഴിഞ്ഞ ഹെലിപാഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഭൗമികിന്റെ സൈക്കിള്‍ കണ്ടെടുത്തു. കൂടാതെ ഭൗമികിനൊപ്പം രണ്ട് കുട്ടികളെ കണ്ടിരുന്നെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി. ഞായറാഴ്ച ഉച്ചയോടെ ഇരുവരേയും പോലീസ് പിടികൂടി.

ആദ്യമൊന്നും അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിലും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുട്ടികള്‍ കുറ്റം സമ്മതിച്ചു. ദേബാശിഷിനെ മറവു ചെയ്ത കുഴി തങ്ങള്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌നിര്‍മിച്ചതെന്ന കുട്ടികളുടെ മൊഴി പോലീസിനെ പോലും ഞെട്ടിച്ചു.

മൂന്ന് പേരും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നെന്നും ഭൗമികില്‍ നിന്നും വാങ്ങിയ 150 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. രണ്ട് പ്രതികളേയും ജുവനൈല്‍ ഹോമിലേക്കയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *