തിരുവനന്തപുരം: ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യാഥാര്‍ഥ്യ ബോധത്തിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിര്‍പ്പില്ല. തങ്ങള്‍ എടുത്ത തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യട്ടെ. അതിനെ സ്വാഗതം ചെയ്യുന്നു. അതിനു പകരം യുഡിഎഫ് സര്‍ക്കാര്‍ എടുത്ത ചില തീരുമാനങ്ങള്‍ മരവിപ്പിക്കുകയും ചിലതു സാവധാനത്തിലാക്കുകയും ചെയ്തതു നിര്‍ഭാഗ്യകരമാണ്.
പല കാര്യങ്ങളിലും നടപടിക്രമങ്ങള്‍ പാലിച്ചു വരുമ്‌ബോഴേക്കും സമയം നഷ്ടപ്പെടുകയാണ്. യഥാസമയം നടപടി സ്വീകരിക്കാത്തതിനാല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിനു നഷ്ടമായി. വരള്‍ച്ച മൂലം വിഷമിക്കുന്ന കൃഷിക്കാരെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തതു മൂലം മറ്റുള്ളവര്‍ രംഗത്തിറങ്ങേണ്ടി വരുന്നു. നീറ്റ് മലയാളത്തില്‍ കൂടി അനുവദിക്കുന്നതിനു ശ്രമം നടത്തിയില്ല. എങ്കിലും എല്ലാം ശരിയാകുമെന്ന് കരുതാമെന്ന് അദ്ദേഹം പരിഹസിച്ചു.
ഒരാളിന്റെയും എതിര്‍പ്പില്ലാതെ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് നടപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ സര്‍ക്കാരിന് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭാവി ഓര്‍ത്താണ് കഴിഞ്ഞ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. അധികാരത്തിലെത്തിയാല്‍ ഉടന്‍ അതു പിന്‍വലിക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് എന്താണ് പിന്‍വലിക്കാത്തത്?
സാധാരണ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമ്‌ബോള്‍ മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരും ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനാണ് അവരുടെ സ്‌കൂളുകള്‍ എയ്ഡഡ് ആക്കി മാറ്റിയത്. അവയ്ക്ക് സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറില്ല. ഇതിന്റെ തുടര്‍ നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കോളജ് ഇല്ലാത്തവരും സമൂഹത്തില്‍ പിന്തള്ളപ്പെട്ടവരുമായ 10 സമുദായങ്ങള്‍ക്ക് കോളജ് അനുവദിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയും പിടിച്ചു വച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ സാമൂഹിക നീതി പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
കേരളത്തില്‍ അഴിമതി പൂജ്യമായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍വത്ര അഴിമതിയെന്നു പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ കാര്യങ്ങള്‍ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് എവിടെയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
