‘അമ്മ’യുടെ യഥാര്‍ഥ അനുയായികള്‍ ആരെന്നു വെളിപ്പെട്ട ദിവസം: മുഖ്യമന്ത്രി പളനിസാമി

ചെന്നൈ ‘അമ്മ’യുടെ യഥാര്‍ഥ അനുയായികള്‍ ആരെന്നു വെളിപ്പെട്ട ദിവസമാണ് ഇതെന്ന് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. വിമത വിഭാഗം അമ്മയുടെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് എല്ലാവരും കണ്ടതാണെന്നും പളനിസാമി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ വിശ്വാസവോട്ടു നേടിയശേഷം മറീനയിലെ ജയാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു അദ്ദേഹവും മന്ത്രിമാരും.

വിശ്വാസവോട്ടെടുപ്പില്‍ ഞങ്ങള്‍ ജയിച്ചു. സംഭവിച്ച കാര്യങ്ങളില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സന്തുഷ്ടരാണ്. അമ്മയുടെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ തുടരുമെന്നും പളനിസാമി വ്യക്തമാക്കി.

അതേസമയം, രാവിലെ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ നിയമസഭ പ്രക്ഷുബ്ധമായിരുന്നു.
ഡിഎംകെ എംഎല്‍എമാരും പനീര്‍സെല്‍വം പക്ഷവും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് രണ്ടു തവണ സഭാ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീടു മൂന്നു മണിക്കു സഭ ചേരുന്നതിനു മുന്‍പായി ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ ബലംപ്രയോഗിച്ചു പുറത്താക്കുകയായിരുന്നു. മറ്റു പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *