ആശുപത്രിയില്‍ നിന്നും 5 ലക്ഷം വാങ്ങാന്‍ ശ്രമം

കോഴിക്കോട്:  സ്വകാര്യ ആശുപത്രിയില്‍ നിന്നും ഭീഷണിപ്പെടുത്തി പണം വാങ്ങുവാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന നേതാവിന് ആര്‍എസ്എസ് നേതൃത്വത്തിന്റെ താക്കീത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണപ്പെടുത്തി 5 ലക്ഷം രൂപവാങ്ങുവാന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നേതാവിനെ താക്കീത് ചെയ്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിസ്സാര വോട്ടിന് തോറ്റ ഈ നേതാവ്, മുന്‍പും ബിജെപിയിലെ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കുറ്റാരോപിതനായിട്ടുണ്ട്. മുന്‍ ബിജെപി പ്രസിഡന്റിന്റെ ഗ്രൂപ്പുകാരനായ ഇദ്ദേഹത്തിന് എതിരെയുള്ള ആരോപണം ബിജെപി ഗ്രൂപ്പ് സംഘര്‍ഷങ്ങളെ പുതിയ തലത്തില്‍ എത്തിച്ചേക്കും

കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിലെ ഒരു ബിജെപി പ്രവര്‍ത്തകനെ വൃക്ക സംബന്ധമായ അസുഖത്തിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികില്‍സ പിഴവ് എന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ പരാതി പറഞ്ഞപ്പോഴാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടപെട്ടത്. ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തി ആശുപത്രി അധികൃതരില്‍ നിന്നും ഒരു ലക്ഷം രൂപ ഇദ്ദേഹം രോഗിയുടെ ബന്ധുക്കള്‍ക്ക് വാങ്ങിക്കൊടുത്തു.

എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും ആശുപത്രി അധികൃതരെ വിളിച്ച നേതാവ് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് രോഗിയുടെ കുടുംബത്തിന് കൊടുക്കാനാണോ എന്ന് വ്യക്തമല്ല. പണം നല്‍കിയില്ലെങ്കില്‍ സമരം നടത്തി ആശുപത്രി പൂട്ടിക്കും എന്നായിരുന്നു നേതാവിന്റെ ഭീഷണി. എന്നാല്‍ ഇത് ആശുപത്രി അധികൃതര്‍ ഫോണ്‍ റെക്കോഡ് ആക്കുകയും ആശുപത്രിയുടെ മാനേജ്‌മെന്റിലെ ആര്‍എസ്എസ് ബന്ധമുള്ളവരുടെ സഹായത്തോടെ സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന് പരാതി നല്‍കുകയുമായിരുന്നു.

ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ് ആശുപത്രിയുടെ കാര്യങ്ങള്‍ നോക്കുന്ന വനിത ഡോക്ടര്‍ക്കുള്ളത്. പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ ഇടപെട്ടു. ആദ്യഘട്ടത്തില്‍ ബിജെപി പ്രവര്‍ത്തകന് വേണ്ടിയാണ് ഇടപെടല്‍ എന്നതിനാല്‍ താക്കീതില്‍ ഒതുക്കുകയായിരുന്നു നേതാവിന് നേരെയുള്ള നടപടി.

Leave a Reply

Your email address will not be published. Required fields are marked *