മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച മദ്രസാധ്യാപകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യ വിതരണവും ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ഉദ്യോഗം നേടിയവരെ അനുമോദിക്കല്‍ ചടങ്ങും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥികളെ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അനുമോദിച്ചു.
സമ്പൂര്‍ണ പലിശ രഹിതമായി പുനരാവിഷ്‌കരിച്ച മദ്രസാധ്യാപക ക്ഷേമനിധിയില്‍ 13000 മദ്രസാധ്യാപകര്‍ അംഗങ്ങളായതായി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 13 മദ്രസാധ്യാപകര്‍ക്ക് പെന്‍ഷനും 33 പേര്‍ക്ക് മക്കളുടെ വിവാഹത്തിനുള്ള ധനസഹായവും വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല നിര്‍വഹിച്ചു.
ന്യൂനപക്ഷ വിധവ-വിവാഹ ബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവനനിര്‍മാണം, ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കല്‍, ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്കായി സംസ്ഥാനത്തൊട്ടാകെ 16 സൗജന്യ മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളും 21 ഉപകേന്ദ്രങ്ങളും നടത്തല്‍, സ്വകാര്യ ഐ.ടി.ഐയില്‍ പഠിക്കുന്ന ന്യൂപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഫീറീഇംപേഴ്‌സ്‌മെന്റ് തുടങ്ങിയ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ പി നസീര്‍ വിവരിച്ചു. കേരള മദ്രസാധ്യാപക ക്ഷേമനിധി മാനേജര്‍ അബ്ദുല്‍ നാസര്‍ പുലത്ത്, പെരിന്തല്‍മണ്ണ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ സെയ്ദ് അര്‍മദയാന്‍, വേങ്ങര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ സെയ്ത് മുഹമ്മദ്, ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ്, മദ്രസാധ്യാപക ക്ഷേമനിധി മോണിറ്ററിങ് കമ്മറ്റി അംഗം കെ.കെ മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി വത്സല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
