കൊലയാളികളുടെ ഒളിത്താവളമായി എകെജി സെന്റര്‍ മാറിയെന്ന് കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഷുഹൈബ് വധക്കേസില്‍ കീഴടങ്ങിയവര്‍ നേരത്തെ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കൊലപാതകം നടന്ന് 2 വര്‍ഷമായെങ്കിലും ഇവരെ പിടികൂടാന്‍ ഇതുവരെ സാധിച്ചിരുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമൊക്കെ സ്ഥിരം സന്ദര്‍ശകരായ ഇവിടെ കൊലക്കേസ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചു എന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊലക്കേസ് പ്രതികളെ പാര്‍ട്ടി നേതാക്കള്‍ ആനയിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് അപൂര്‍വമാണ്. ജില്ലയില്‍ ഓരോ കൊലപാതകം നടക്കുമ്‌ബോഴും പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവന നടത്തുന്നത് സിപിഎമ്മിന്റെ പതിവാണ്. എന്നാല്‍ പിന്നീട് സിപിഎം നേതാക്കളാണ് പിടിയിലാകുന്നതും. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായും ജില്ലാ സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടന്ന് തെളിഞ്ഞിട്ടുണ്ട്. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തുന്നത്. അതിനാലാണ് മിക്ക കേസുകളിലും പ്രതികളെ പിടികൂടാനാകാത്തത്.

കൊലപാതകങ്ങള്‍ പാര്‍ട്ടി വളര്‍ത്താനുള്ള അവസരമായി സിപിഎം കാണുന്നതു കൊണ്ടാണ് കണ്ണൂരില്‍ അടിക്കടി കൊലപാതകങ്ങള്‍ നടക്കുന്നത്. ഉന്നത നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ പൊലീസ് അന്വേഷണത്തിന് സാധ്യമല്ല. അതിനാല്‍ ഇത്തരം കേസുകള്‍ സിബിഐ അന്വേഷിക്കുകയാവും ഉത്തമം. കൊലപാതകം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയ സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *