ദേശീയപാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്നു മാറ്റി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്. വിവാദ ഉത്തരവ് കേന്ദ്രം റദ്ദാക്കിയിട്ടില്ലെന്നും കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് അവ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
വിവാദ ഉത്തരവ് കേന്ദ്രം റദ്ദാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് അവ്യക്തമാണ്. കേരളത്തെ ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ദേശീയപാത അഥോറിറ്റി ചെയര്‍മാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേരളത്തെ മുന്ഗണനാപട്ടികയില്നിന്നു മാറ്റി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തോടു കേന്ദ്രം വിവേചനം കാട്ടിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പഴയ വിജ്ഞാപനം പ്രാബല്യത്തിലാക്കി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കാനുള്ള പദ്ധതിയില്‍നിന്നു കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ദേശീയപാതാ അഥോറിറ്റി ഉത്തരവിട്ടിരുന്നു. ദേശീയപാത വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍നിന്നു കേരളത്തെ ഒഴിവാക്കിയതിനെത്തുടര്ന്നായിരുന്നു ഈ നടപടി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള ഇക്കാര്യത്തില്‍ കത്തയച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തതെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
കേരളത്തിലെ ദേശീയപാതാ വികസനം മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ ശ്രീധരന് പിള്ളയാണെന്ന് ആരോപിച്ച തോമസ് ഐസക്, അദ്ദേഹം നിതിന്‍ ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവിട്ടിരുന്നു.
