കൊച്ചി: സംസ്ഥാനത്ത് ഒരുമാസത്തിനുള്ളില്‍ മുഴുവന്‍ ഇരുചക്ര വാഹന യാത്രികര്‍ക്കും ഹെല്‍മറ്റ് ധരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടപ്പിലാക്കുന്ന ഹെല്‍മറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കു ജീവന്‍ രക്ഷിക്കൂ എന്ന കര്‍മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ ഇരുമ്പനത്ത് ബിപിസിഎല്‍ പെട്രോള്‍ പമ്പില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡപകടങ്ങള്‍ നിത്യസംഭവമായി നമ്മുടെ മനസിനെ നോവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപകടമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേക്കുറിച്ചു കുറേദിവസം ചര്‍ച്ച നടത്തി നടപടികള്‍ അവസാനിപ്പിക്കുകയാണ് പതിവ്. പരുക്കും മരണനിരക്കും കണക്കാക്കിയാല്‍ ഇരുചക്ര വാഹനയാത്രക്കാരാണ് ഇതിനു കൂടുതലും ഇരകളാകുന്നതെന്നു ബോധ്യപ്പെടും. സംസ്ഥാനത്ത് ഇപ്പോള്‍ 85% ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. ഇത് നൂറു ശതമാനമായി ഉയര്‍ത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനു വേണ്ടിയാണു ശക്തമായ ബോധവത്കരണ പരിപാടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്്കരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ യാത്രക്കാരും പെട്രോള്‍ പമ്പ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കണം. അതു പാടില്ല. ഇക്കാര്യത്തില്‍ മുമ്പ് സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും തുടരും. ഈമാസം ഒന്നാം തീയതി മുതല്‍ 15 വരെയാണു ബോധവത്കരണ പരിപാടികള്‍. ഹെല്‍മറ്റും സീറ്റു ബെല്‍റ്റും ധരിക്കാത്തവര്‍ക്ക് ഒരു ദിവസത്തെ കൗണ്‍സലിംഗിനു ശേഷമേ ശിക്ഷണ നടപടികള്‍ വിധിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവു പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും നടപടികളെന്നും മന്ത്രി അറിയിച്ചു.
