കോന്നി: മലയോര മേഖലയില്‍ ഇടക്ക് പെയ്ത മഴ ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും വനത്തിനുള്ളിലെ അരുവികളും തോടുകളും നിറയാത്തതിനാല്‍ കാട്ടുമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവാകുന്നു.
കോന്നി തണ്ണിത്തോട് റോഡില്‍ പേരുവാലി ഭാഗത്താണ് കാട്ടാന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ദാഹമകറ്റാന്‍ നാട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസവും ആനകള്‍ കൂട്ടത്തോടെ പേരുവാലിയില്‍ കല്ലാറ്റില്‍നിന്ന് വെള്ളം കുടിക്കാന്‍ എത്തിയിരുന്നു.
റോഡില്‍ പല സ്ഥലങ്ങളിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവ തെളിയാത്തതിനാല്‍ റോഡിലിറങ്ങിനില്ക്കുന്ന ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യതയും ഏറെയാണ്.
ആന, കുരങ്ങ്, മലയണ്ണാന്, കാട്ടുകോഴി, ഉടുമ്ബ്, പെരുമ്ബാമ്ബ് തുടങ്ങിയ വന്യജീവികളാണ് റോഡ് മുറിച്ചുകടക്കുന്നത്. റോഡില്‍ ഇറങ്ങുന്ന ആനക്കൂട്ടം പലപ്പോഴും മണിക്കൂറുകളോളം ഗതാഗതതടസ്സം സൃഷ്ടിക്കുന്നുമുണ്ട്. കല്ലാറ്റില്‍ കുടിനീരിനായി ഇറങ്ങുന്ന ആനകള്‍ നദിയില്‍ ഏറെസമയം ചെലവഴിച്ചാണ് തിരികെ മടങ്ങുക. വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകിടക്കുന്നതിനാല് അപകടം സംഭവിക്കാതിരിക്കാന്‍ തണ്ണിത്തോട് റോഡില്‍ വനപാലകര്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
