സൗദിയില്‍ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു, ഭീകരര്‍ എത്തിയത് റോക്കറ്റുമായി, സൈന്യം വളഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം. പ്രത്യേക സേനയിലെ സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ആര്‍പിജി റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തീഫ് പ്രവിശ്യയിലെ അല്‍ മന്‍സൂറയിലാണ് സംഭവം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഗത്യാന്‍ അല്‍ ശിബാനി എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഭരണകൂടം പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. റോക്കറ്റുകളും സ്‌ഫോടക വസ്തുക്കളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അല്‍ മന്‍സൂറയിലും സമീപ പ്രദേശങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ആക്രമണം നടന്ന പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജോലിക്കാരെയും സൈനികരെയുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. മേഖലയില്‍ പലയിടത്തും സംഘം കുഴി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യസുരക്ഷയും സുസ്ഥിരതയും നശിപ്പിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഹംദാന്‍ അല്‍ ശെഹ്രി പറഞ്ഞു. ആര്‍പിജി റോക്കറ്റുകള്‍ ഭീകരര്‍ ഉപയോഗിച്ചുവെന്ന ഏറെ ആശങ്കയോടെയാണ് സൗദി ഭരണകൂടം കാണുന്നത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ മുമ്പ് മേഖലയില്‍ അക്രമികള്‍ ഉപയോഗിച്ചിട്ടില്ല. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തമല്ല. അവര്‍ക്ക് വിദേശ സഹായമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം സംശയം പ്രകടിപ്പിക്കുന്നത്.

ഖത്തീഫിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് പ്രമുഖ കോളമിസ്റ്റ് ആയ ഹസന്‍ മുസ്തഫ പറഞ്ഞു. കഴിഞ്ഞാഴ്ച ഖത്തീഫില്‍ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. ഒരു കുട്ടിയും പാകിസ്താന്‍ പൗരനും സംഭവത്തില്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റ ആക്രമണം വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കമ്പനിയിലെ ജോലിക്കാര്‍ക്ക് നേരെ ആയിരുന്നു.

സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ട അക്രമികളുടെ ലക്ഷ്യം ഭീതി വളര്‍ത്തുക എന്നതാണെന്ന് പോലീസ് പറയുന്നു. മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് അവരുടെ ശ്രമം. എന്നാല്‍ സൗദി ഭരണകൂടം തുടങ്ങിവച്ച ഒരു പദ്ധതികളും നിര്‍ത്തിവയ്ക്കില്ലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലേക്ക് എത്താനിരിക്കെയാണ് തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന സൂചനയാണ് സൗദി ഭരണകൂടം നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നുപറഞ്ഞിട്ടില്ല. സൗദിയെ അസ്ഥിരപ്പെടുത്തുന്ന ഏത് നീക്കങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് സൗദി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *