കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി കെ.ടി.ജലീല്‍ എത്തുമ്പോള്‍ മലബാറില്‍ അത് മുസ്ലീം ലീഗിനെ അസ്വസ്ഥമാക്കും. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പോയി പി.കെ.കുഞ്ഞാലികുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ച് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയമായി മാറിയ ജലീലിനെ ലീഗ് കോട്ടകളില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തുരുപ്പു ചീട്ടായാണ് പാര്‍ട്ടി നേതൃത്വം കണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും ഇത് രണ്ടാം തവണയാണ് കെ.ടി.ജലീല്‍ സി.പി.എം. മാര്‍ച്ചില്‍ അംഗമാകുന്നത്.
ജാഥാ കാപ്റ്റന്‍ പിണറായി വിജയന് പുറമെ എം.വി.ഗോവിന്ദന്‍, കെ.ജെ.തോമസ്, പി.കെ.സൈനബ, ഡോ.എ.സമ്പത്ത്, പി.കെ. ബിജു,എം.ബി.രാജേഷ്,കെ.ടി.ജലീല്‍ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. ഇതില്‍ കെ.ടി.ജലീല്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യമില്ലാത്തയാള്‍. മറ്റുള്ളവരെല്ലാം പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരുമാണ്.ലീഗ് കേന്ദ്രങ്ങളില്‍ ഇളക്കമുണ്ടാക്കുക, മുസ്ലീം ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുക എന്നീ സി.പി.എം.തന്ത്രങ്ങളുടെ ഭാഗമായാണ് കെ.ടി.ജലീലിനെ മാര്‍ച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലബാറില്‍ ലീഗ് വിരുദ്ധത ഇളക്കി വിടാനും മുസ്ലീംകളെ സ്വാധീനിക്കാനും ജലീലിന്റെ സാന്നിധ്യം ആവശ്യമാണെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
മലബാറില്‍ ടി.കെ.ഹംസയെ പോലുള്ള മുസ്്‌ലിം നേതാക്കളുണ്ടെങ്കിലും ജലീലിനെ തന്നെ ഉള്‍പ്പെടുത്തിയത് ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്.മലബാറില്‍, പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ ലീഗ് വിരോധികള്‍ക്കിടയില്‍ കെ.ടി.ജലീല്‍ ഇപ്പോഴും താരമാണ്.കഴിഞ്ഞ രണ്ടു തവണകളിലായി എം.എല്‍.എ. എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ജനപിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ട്.മലബാര്‍ മേഖലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലുണ്ടായ ഭിന്നത മുതലെടുക്കാന്‍ ജലീലിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍

